സംവരണം മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല; സർക്കാർ വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നു: മുസ്ലീം ലീഗ്

മുന്നോക്ക സംവരണത്തിനെതിരായ പ്രക്ഷോഭത്തെ വര്‍ഗീയവത്കരിക്കരുതെന്ന് മുസ്ലീം ലീഗ്. വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന സ്ഥിതിയുണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരാണെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനെതിരെ സംവരണ സമുദായ സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം ആലോചിക്കും. സംവരണ സമുദായങ്ങളോട് കേരള സർക്കാർ കടുത്ത അനീതിയാണ് കാണിക്കുന്നത്. പിന്നോക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കി സംവരണത്തെ അട്ടിമറിച്ചിരിക്കുകയാണ്. അടിസ്ഥാന തത്ത്വം തന്നെ അട്ടിമറിക്കപ്പെട്ടു. മെറിറ്റ് വിഭാഗങ്ങൾക്കും ഇത് ദോഷം ചെയ്യും. വളരെ അശാസ്ത്രീയമായ രീതിയിൽ ചെയ്തിരിക്കുന്നത് ഒടുവിൽ മെറിറ്റ് ക്വാട്ടയെ പോലും ബാധിക്കുകയാണ്. ഇത് ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമല്ല. എല്ലാ സംവരണ സമുദായങ്ങളുടെയും പ്രശനമാണ്. ഇത് സംവരണ ആനുകൂല്യം കിട്ടുന്ന എല്ലാ ജനവിഭാഗങ്ങളുടെയും പ്രശനമാണ്. ഈ മാസം ഒമ്പതിനു കളക്ട്രേറ്റുകള്‍ക്ക് മുന്നില്‍ സംവരണ മുന്നണി പ്രതിഷേധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

കേരളത്തിലെ സര്‍ക്കാര്‍ അഴിമതിയില്‍ ആടി ഉലയുകയാണ്. സർക്കാർ ഇനി എന്ത് ചെയ്താലും ശരിയാവില്ല കാരണം അത്രമാത്രം മാത്രം മുഖം നഷ്ടപെട്ട ഒരു സർക്കാരാണ് കേരളത്തിൽ ഉള്ളത്. സര്‍ക്കാരിനെതിരെ യു.ഡി.എഫ് നടത്തുന്ന പ്രക്ഷോഭങ്ങളില്‍ മുസ്ലീം ലീഗ് സജീവമായി പങ്കെടുക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കും. യുഡിഎഫ് ഒറ്റക്കെട്ടായി പഞ്ചായത് തിരഞ്ഞെടുപ്പിനെ നേരിടും. ജനങ്ങളുടെ പ്രതീക്ഷ ഇപ്പോൾ യുഡിഎഫിലാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

സമരം വര്‍ഗീയമായി ചെയ്യുന്നു എന്നുള്ള ആരോപണത്തിൽ യാതൊരു അർത്ഥവുമില്ലെന്ന് മുസ്ലീം ലീഗ് എം.പി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സംവരണ മുന്നണിയിലെ അംഗമാണ് മുസ്ലിം ലീഗും. ലീഗ് സമരത്തിന്റെ ഭാഗമാകും. സംവരണം മുസ്ലിം പ്രശ്‌നമല്ല. ആ നിലക്കുള്ള പ്രചാരണം ശരിയല്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ത്രിതല പഞ്ചായത് തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം പൂര്‍ത്തിയായി വരികയാണെന്ന് എം കെ മുനീര്‍ സംസ്ഥാന പ്രവര്‍ത്തക യോഗത്തിന് ശേഷം കൂട്ടിച്ചേര്‍ത്തു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിയും. ജില്ലാതലത്തില്‍ തന്നെ പരിഹരിക്കാവുന്ന പ്രശ്‌നനങ്ങളെ ഉള്ളൂ. പുതുതലമുറയിലുള്ളവർക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും മുനീര്‍ വ്യക്തമാക്കി.