പോരാളി ഷാജിയുടെ വെരിഫൈഡ് പേജാണ് റിപ്പോർട്ടർ ചാനലിന്റെ ഫെയ്‌സ്ബുക്ക് പേജ്: രാഹുൽ മാങ്കൂട്ടത്തിൽ

 

റിപ്പോർട്ടർ ചാനലിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പോരാളി ഷാജിയുടെ വെരിഫൈഡ് പേജാണ് റിപ്പോർട്ടർ ചാനലിന്റെ ഫേയ്സ്ബുക്ക് പേജെന്നും പോരാളി ഷാജിയുടെ അഡ്മിൻ നികേഷ് കുമാറാണോയെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും രാഹുൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു

കുറിപ്പിന്റെ പൂർണരൂപം:

ദിനേശ് ബീഡിയും ദേശാഭിമാനിയുമെല്ലാം ആദ്യകാല സി.പി.എം അണികളുടേയും നേതാക്കളുടേയും ആശയത്തോടും ആദർശത്തോടും ചേർന്ന് നിൽക്കുന്നവയായിരുന്നു. കാലം മാറി കഥ മാറി കൂപ്പറിന്റെ പുറകിലിരുന്ന് കൈവീശുകയും വിസ്മയ പാർക്കിൽ നീന്തിത്തുടിക്കുകയും എതിരഭിപ്രായമുള്ളവരോട് വേദമോതാൻ കൊടി സുനിയും കിർമാണിയും ഷാഫിയും താത്വിക ആചാര്യന്മാരായപ്പോൾ സി പി എമ്മിന്റെ സൈദ്ധാന്തിക ജീഹ്വ പോരാളി ഷാജിയായിരുന്നു. ക്വട്ടേഷൻ, സ്വർണ്ണക്കടത്ത് എന്നിവയോടൊപ്പം കാണാമറയത്തിരുന്ന് കോൺഗ്രസിനെ തെറി വിളിക്കുകയും, വെല്ലുവിളിക്കുകയും, ഒളിക്യാമറയുമായി നടക്കുന്ന പോരാളി ഷാജിയുടെ വെരിഫൈഡ് പേജാണ് റിപ്പോർട്ടർ ചാനലിന്റെ ഫേസ്ബുക്ക് പേജ്.

കോൺഗ്രസ് നേതാക്കളുടെ വാക്കുകൾ ഇഴ പിരിച്ചെടുത്ത് അതിനിടയിൽ പീച്ചാത്തി കേറ്റി വെക്കാൻ കാണിക്കുന്ന വ്യഗ്രത കാണുമ്പോൾ പോരാളി ഷാജിയുടെ അഡ്മിൻ നികേഷ് കുമാറാണോയെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.

സൈബർ വെട്ടുകിളിക്കൂട്ടങ്ങളുടെ ലൈക്കും ഷെയറും കിട്ടാൻ റിപ്പോർട്ടർ തരം താഴ്ന്നു താഴ്ന്നു കിണറ്റിലിറങ്ങരുത്.