സര്‍ക്കാര്‍ ഭൂമി കയ്യേറി അത്യാധുനിക ടെന്റുകള്‍ കെട്ടി രാത്രി സമയത്ത് ഡിജെ പാര്‍ട്ടിയും മയക്കുമരുന്നും; കര്‍ശന നടപടി സ്വീകരിച്ച് രേണുരാജ്; എട്ട് ടെന്റുകള്‍ തീയിട്ട് നശിപ്പിച്ചു

പള്ളിവാസല്‍ കല്ലാറില്‍ സര്‍ക്കാര്‍ തരിശുഭൂമി കയ്യേറി അത്യാധുനിക വിദേശ നിര്‍മ്മിത ടെന്റുകള്‍ കെട്ടി രാത്രി കാലങ്ങളില്‍ ഡിജെ പാര്‍ട്ടിയും മയക്കുമരുന്ന് ഉപയോഗവും നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടിയുമായി സബ്കലക്ടര്‍ രേണു രാജ്. രഹസ്യ വിവരത്തെ തുടര്‍ന്ന് രേണുരാജിന്റെ നിര്‍ദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ടെന്റുകള്‍ തീയിട്ട് നശിപ്പിച്ചു.

ഇതേത്തുടര്‍ന്ന് സബ് കലക്ടറുടെ നിര്‍ദേശപ്രകാരം മൂന്നാര്‍ റവന്യു സ്‌പെഷല്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.ഷെഫീക്കിന്റെ നേതൃത്വത്തില്‍ ഭൂസംരക്ഷണ സേനയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഈ കേന്ദ്രം കണ്ടെത്തിയത്. റവന്യു ഉദ്യോഗസ്ഥരും ഭൂസംരക്ഷണ സേനയും നടത്തിയ പരിശോധനയിലാണ് പള്ളിവാസല്‍ കല്ലാറില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരെ മലമുകളില്‍ മൂലേപ്പള്ളി എന്ന സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രം ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

ഇവിടെ എത്തുന്നവര്‍ക്ക് താമസിക്കാനായി രണ്ടു വലിയ താല്‍ക്കാലിക ഷെഡ്ഡുകളും വിദേശ നിര്‍മിതമായ 8 ടെന്റുകളും സ്ഥാപിച്ചിരുന്നു. സൗരോര്‍ജ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇവിടെ എത്തുന്നവര്‍ക്ക് മദ്യവും ലഹരി മരുന്നുകളും വിതരണം ചെയ്തിരുന്നതായും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.