മൂന്നാര്‍ അനധികൃത നിര്‍മാണം: രേണു രാജിന്റെ ശുപാര്‍ശ തള്ളി അഡ്വക്കറ്റ് ജനറല്‍; ‘കോടതി തീരുമാനിക്കട്ടെ’

Gambinos Ad
ript>

മൂന്നാര്‍ അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ കേസ് നല്‍കാനുള്ള ദേവികുളം സബ്കലക്ടര്‍ ഡോ. രേണുരാജിന്റെ ശുപാര്‍ശ അഡീഷണല്‍ എജി രജിത്ത് തമ്പാന്‍ തള്ളി. ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്ന സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ വേണ്ടായെന്ന് എജി തീരുമാനിക്കുകയായിരുന്നു.

Gambinos Ad

മൂന്നാര്‍ പഞ്ചായത്ത് വക ഭൂമിയില്‍ നിയമവും ഹൈകോടതി ഉത്തരവുകളും മറികടന്നുള്ള അനധികൃത നിര്‍മാണം ചൂണ്ടിക്കാണിച്ച് പുതുതായി ഹര്‍ജി നല്‍കാനാണ് തീരുമാനം. അതില്‍ കോടതിയലക്ഷ്യ നടപടികള്‍ വേണോ എന്ന് കോടതി തീരുമാനിക്കട്ടെ എന്ന നിലപാടാണ് എജി സ്വീകരിച്ചത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് രേണുരാജ് വ്യക്തമാക്കി. അതേസമയം, കോടതി ഉത്തരവിന്റെ ലംഘനം കാണിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും സബ്കലക്ടര്‍ പറഞ്ഞു.

മൂന്നാര്‍ സ്‌പെഷല്‍ ട്രൈബ്യൂണലിന്റെ കീഴില്‍ വരുന്ന എട്ട് വില്ലേജുകളില്‍ നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ അനുമതി വേണമെന്നു 2010 ജനുവരി 21നു ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. തുടര്‍ന്ന്, മൂന്നാര്‍, പള്ളിവാസല്‍, ചിന്നക്കനാല്‍, ദേവികുളം പഞ്ചായത്തുകള്‍ക്ക് ഇടുക്കി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ 2010 ഫെബ്രുവരി 15നു കത്ത് മുഖേന നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്.

എന്നാല്‍, പഞ്ചായത്തിന്റെ നിര്‍മ്മാണം കോടതി വിധിയുടെ ലംഘനമാണെന്നും സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടര്‍ന്നു. തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. അനിധകൃത നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലാണ്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് എംഎല്‍എയ്ക്കും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തവര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നുമായിരുന്നു സബ് കലക്ടറുടെ നിലപാട്.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിനോട് ചേര്‍ന്നാണ് നിര്‍മ്മാണം നടക്കുന്നത്. സബ് കളക്ടറുടെ ഉത്തരവ് ലംഘിച്ചതോടെ നിര്‍മ്മാണം തടയുന്നതിനും മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും പൊലീസ് സന്നാഹവുമായി റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഈ സംഘത്തെ ഇടുക്കി എം.എല്‍.എ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു.

എംഎല്‍എ സബ് കളക്ടറെ മോശമായ ഭാഷയില്‍ അവഹേളിച്ച് സംസാരിച്ചു. റവന്യൂ വകുപ്പിന്റെ അനുമതി പഞ്ചായത്തിന്റെ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമില്ലെന്ന് വിചിത്ര നിലപാടാണ് എംഎല്‍എ സ്വീകരിച്ചത്. ‘അവളാണോ ഇത് തീരുമാനിക്കേണ്ടത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള്, ആ വന്നവള്‍ക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേയെന്നും ‘ എംഎല്‍എ പറഞ്ഞു. പ്രതിഷേധം കാരണം നടപടിയെടുക്കാതെ റവന്യൂ സംഘം മടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സബ് കളക്ടര്‍ നടപടിയുമായി മുന്നോട്ട് പോയിരുന്നത്.