യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന വേദിയിൽ രമേശ് പിഷാരടി നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കോൺഗ്രസിലെ പ്രമുഖ നേതാക്കളടക്കം വേദിയിലും സദസിലുമുള്ളവരെ കുടുകുടെ ചിരിപ്പിക്കുന്ന പ്രസംഗമായിരുന്നു പിഷാരടി നടത്തിയത്. എന്നാൽ കൃത്യമായി തന്റെ കോൺഗ്രസ് നിലപാടും, സിപിഎമ്മിനെതിരായ വിമർശനവും സരസമായി അവതരിപ്പിക്കുവാനും പിഷാരടിക്കു കഴിഞ്ഞു.
സമ്മേളനത്തിയ അണികളെ അഭിവാദ്യം ചെയ്ത പിഷാരടി പറഞ്ഞത് അവർ സ്വന്തം താൽപര്യപ്രകാരം അവിടെ എത്തിച്ചേർന്നവരാണ് അല്ലാതെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലെ ആഞ്ജ അനുസരിച്ച് എത്തിയവരല്ല എന്നാണ്. നൂറ്റാണ്ടു മുൻപ് മാർക്സ് എഴുതിയ പുസ്തകം വച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സിപിഎമ്മിനേയും നേതാക്കളേയും രസകരമായാണ് പിഷാരടി വിവരിച്ചത്.
ഇ പി ജയരാജന്റെ ഇന്ഡിഗോ വിമാനയാത്രാ വിവാദവും, കെ-റെയിലും, എം വി ഗോവിന്ദൻ മാസ്റ്ററുടെ അപ്പം പരമർശവുമെല്ലാം പ്രസംഗത്തിൽ കടന്നുവന്നു. കോൺഗ്രസിലെ ഗ്രൂപ്പുകളെക്കുറിച്ച് പറഞ്ഞ പിഷാരടി എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം അത് ചേർത്തുവച്ച് പറയുന്ന എഐ ക്യാമറ ഉണ്ടാക്കിയ അത്ര പ്രശ്നമൊന്നും ഇവിടെ സൃഷ്ടിച്ചിട്ടില്ലെന്നും പറഞ്ഞു. ജനാധിപത്യവും, ഭരണഘടനനയുമാണ് കോൺഗ്രസിനെ നിലനിർത്തുന്നതെന്നും പിഷാരടി കൂട്ടിച്ചേർത്തു.
പഴയ കെഎസ് യു പ്രവർത്തകനായ പിഷാരടി ഇപ്പോഴും കോൺഗ്രസിനുവേണ്ടി പല വേദികളിലും സജീവമാകാറുണ്ട്. രാഹുൽ ഗാന്ധി നയിച്ച ജോഡോ യാത്രയിലും അദ്ദേഹം പങ്കെടുത്തിരുന്നു. തുടർന്നും തന്നാൽ കഴിയുന്നവിധം കോൺഗ്രസിനൊപ്പം നിൽക്കുമെന്നും. രാജ്യത്തെ പല പ്രശ്നങ്ങൾക്കും കാരണം കോൺഗ്രസ് പിന്നോട്ട് പോകുന്നതാണെന്നും അത് തിരിച്ചറിഞ്ഞ് മാറ്റത്തിനായി എല്ലാവരും മുന്നോട്ടു വരണമെന്നും പിഷാരടി പറഞ്ഞു.