ഇടുക്കി അണക്കെട്ടിൽ റെഡ് അലര്‍ട്ട്; ആവശ്യമെങ്കില്‍ തുറക്കും

ഇടുക്കി അണക്കെട്ട് ഉൾപ്പെടെ കെഎസ്ഇബിക്ക് കീഴിലുള്ള ഒമ്പത് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെയാണ് റെഡ് അലര്‍ട്ട് നല്‍കിയത്. അണക്കെട്ട് ആവശ്യമെങ്കിൽ തുറന്നേക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ഉള്‍പ്പെടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു. 3, 4 എന്നീ ഓരോ ഷട്ടറുകളും 35 സെന്റീമീറ്റർ വീതമാണ് തുറന്നത്. രാവിലെ 7.29 നാണ് ആദ്യ ഷട്ടർ തുറന്നത്. മൂന്ന് വർഷം മുമ്പാണ് ഇതിനു മുമ്പ് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത്.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ദ്ധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്‌നാട് രണ്ട് ഷട്ടറുകള്‍ തുറന്നത്. ആദ്യം വെള്ളമെത്തുന്നത് വള്ളക്കടവിലാണ്. ഷട്ടർ തുറന്നാൽ ഏകദേശം നാല്പതു മിനിറ്റുകൾ എടുത്താണ് വെള്ളം വള്ളക്കടവിൽ എത്തുക.