സംസ്ഥാനത്ത് 23 വരെ കനത്ത മഴയ്ക്ക് സാധ്യത; 'റെഡ്' അലര്‍ട്ട് 22 വരെ നീട്ടി

സംസ്ഥാനത്ത് 23 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. കാറ്റും ശക്തമാവും. ചിലയിടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. ജൂലൈ 20 ന് കാസര്‍ഗോഡ് ജില്ലയിലും ജൂലൈ 21 ന് കോഴിക്കോട്, വയനാട് ജില്ലകളിലും, ജൂലൈ 22 ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും “റെഡ്” അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ “ഓറഞ്ച്” അലര്‍ട്ട് ആയിരിക്കും. ഞായറാഴ്ച കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളിലും തിങ്കളാഴ്ച കണ്ണൂര്‍, മലപ്പുറം, കോട്ടയം എന്നീ ജില്ലകളില്‍ “ഓറഞ്ച്” അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

“റെഡ്” അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുക, ക്യാമ്പുകള്‍ തയ്യാറാക്കുന്നത് ഉള്‍പ്പടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നിവയാണ് “റെഡ്” അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കും. “ഓറഞ്ച്” അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടത്.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ജൂലൈ 20- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍
ജൂലൈ 21- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്
ജൂലൈ 22 കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
ജൂലൈ 23- എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്

കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.   മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ശനിയാഴ്ച രാത്രി പതിനൊന്നര വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളതീരത്ത് 2.9 മുതല്‍ 3.3 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം അറിയിച്ചു. സംസ്ഥാന കണ്‍ട്രോള്‍ റൂം നമ്പര്‍: 1070. ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍: എസ്ടിഡി കോഡിനു ശേഷം 1077 ചേര്‍ത്ത് ഡയല്‍ ചെയ്യുക.

റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018- ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെയ്ക്കുകയും മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018- ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി പൂര്‍ണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂര്‍ത്തീകരിക്കാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപ്പണികള്‍ ഇത് വരെ നടത്തിത്തീര്‍ക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നവരും ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെയ്ക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം. ഇത്തരം ആളുകള്‍ക്ക് വേണ്ടി സ്ഥിതിഗതികള്‍ വിലയിരുത്തി കൊണ്ട് ആവശ്യമായ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ടോര്‍ച്ച്, റേഡിയോ,  വെള്ളം, പാക്കറ്റുകള്‍, അത്യാവശ്യം വേണ്ടുന്ന മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം, ചെറിയ ഒരു കത്തി, 10 ക്ലോറിന്‍ ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി, ബാറ്ററിയും കോള്‍ പ്ലാനും ചാര്‍ജ്ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍, അത്യാവശ്യം കുറച്ച് പണം, എ.ടി.എം കാര്‍ഡ്, പ്രധാനപ്പെട്ട രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്ത് വീട്ടില്‍ സൂക്ഷിക്കുക.

Read more

എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെയ്ക്കുകയും അത് വീട്ടില്‍ എല്ലാവര്‍ക്കും എടുക്കാന്‍ പറ്റുന്ന തരത്തില്‍ സുരക്ഷിതമായ ഒരിടത്ത് വെയ്ക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തില്‍ ആരെയും കാത്ത് നില്‍ക്കാതെ എമര്‍ജന്‍സി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യണം.