വിമത നീക്കും; എല്‍.ജെ.ഡിയിൽ നാല് നേതാക്കൾക്ക് എതിരെ നടപടി

വിമത നീക്കം നടത്തിയ നേതാക്കൾക്കെതിരെ കർശന നടപടിയുമായി ലോക് താന്ത്രിക്ദൾ (എല്‍ജെഡി). ഗുരുതരമായ അച്ചടക്കം ലംഘനം നടത്തിയ എല്‍.ജെ.ഡി സംസ്ഥാന ഭാരവാഹികളായ ഷെയ്ക് പി ഹാരിസ്, വി. സുരേന്ദ്രന്‍ പിള്ള, അങ്കത്തില്‍ അജയ്കുമാര്‍, രാജേഷ് പ്രേം എന്നിവരെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കം ചെയ്യാനും വി. സുരേന്ദ്രന്‍പിള്ളയെ സസ്പന്റ് ചെയ്യാനും തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്കുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഓൺലൈനായി ചേർന്ന എൽജെഡി നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്. ഈ മാസം 17നായിരുന്നു വിമതർ യോഗം ചേർന്ന് സംസ്ഥാന പ്രസിഡന് ശ്രേയാംസ് കുമാറിനെതിരെ പരസ്യ നിലപാടെടുത്തത്. തുടർന്ന് ശനിയാഴ്ച ചേർന്ന നേതൃയോഗത്തിൽ വിമതരോട് വിശദീകരണം തേടി. എന്നാൽ വിശദീകരണം നൽകാൻ നേതാക്കൾ തയ്യാറായില്ല. ഇതോടെയാണ് നടപടിയിലേക്ക് എത്തിയത്.

എന്നാൽ നടപടിയെ തള്ളി സുരേന്ദ്രൻ പിള്ള രംഗത്തെത്തി. തങ്ങളെ സസ്പെൻഡ് ചെയ്യാൻ ശ്രേയാംസ് കുമാറിന് അധികാരമില്ലെന്നും തന്നെ നിയമിച്ചത് ദേശീയ അധ്യക്ഷൻ ശരത് യാദവാണെന്നുമാണ് നടപടികളോട് സുരേന്ദ്രൻ പിള്ളയുടെ പ്രതികരണം. ഭാവി പരിപാടികൾ തീരുമാനിക്കാൻ ഉടൻ കമ്മിറ്റി ചേരുമെന്നും അദ്ദേഹം അറിയിച്ചു.