കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി; സംസ്ഥാന സമിതി അംഗത്വം രാജിവക്കുമെന്ന് രവീശ തന്ത്രി കുണ്ടാര്‍ 

അഡ്വ. കെ. ശ്രീകാന്തിനെ വീണ്ടും ജില്ലാ അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെ കാസര്‍കോട് ബി.ജെ.പി.യില്‍ പൊട്ടിത്തെറി. നിലവിലെ ജില്ലാ അധ്യക്ഷന്‍ കെ.ശ്രീകാന്തിനെ അതേ സ്ഥാനത്ത് വീണ്ടും നിയമിച്ചതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ വ്യക്തമാക്കി.

രാജിക്കത്ത് തിങ്കളാഴ്ച സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അയച്ചുകൊടുക്കുമെന്ന് ഇദ്ദേഹം പറഞ്ഞു. അതേസമയം ബി.ജെ.പി.അംഗത്വം രാജി വയ്ക്കുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീകാന്തിനെ വീണ്ടും അധ്യക്ഷനാക്കിയതില്‍ വ്യക്തിപരമായ വിദ്വേഷമൊന്നുമില്ലെന്ന് രവീശതന്ത്രി പറഞ്ഞു. മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിലെ പരാജയ കാരണമടക്കം നിരത്തി സംസ്ഥാന നേതൃത്വത്തിന് താന്‍ കത്ത് നൽകിയിരുന്നുവെന്നും ഇതിൽ തിരുത്തൽ നടപടി ഉണ്ടായില്ല. കാസര്‍കോടും മഞ്ചേശ്വരത്തും മറ്റും നിലനില്‍ക്കുന്ന പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാതെ ജില്ലാ അധ്യക്ഷസ്ഥാനത്ത് നിയമനം നടത്തിയതിലാണ് പ്രതിഷേധം. അടുത്ത ദിവസം തന്നെ പാര്‍ട്ടിയുടെ മഞ്ചേശ്വരം നിയോജക മണ്ഡലം കണ്‍വീനര്‍ സ്ഥാനം ഒഴിയുമെന്നും രവീശ തന്ത്രി കൂട്ടിച്ചേര്‍ത്തു.

Read more

ജില്ലാ അധ്യക്ഷസ്ഥാനത്തേക്കുള്ള പേരുകളില്‍ ശ്രീകാന്തിനൊപ്പം ഉയര്‍ന്നുവന്ന പേരായിരുന്നു രവീശതന്ത്രിയുടേതും. എന്നാല്‍ അവസാന നിമിഷം ശ്രീകാന്തിന് നറുക്കുവീഴുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥിയായി രവീശതന്ത്രി മത്സരിച്ചിരുന്നു. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിലും പിന്നാലെ നടന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പിക്കു വേണ്ടി കളത്തിലിറങ്ങിയിരുന്നു.