ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 26 വര്‍ഷം തടവുശിക്ഷയും

കൊല്ലം അഞ്ചലില്‍ ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷ. അഞ്ചല്‍ സ്വദേശി രാജേഷിനെയാണ് ജീവപര്യന്തം ശിക്ഷിച്ചത്.

മൂന്ന് ജീവപര്യന്തത്തിന് പുറമെ 26 വര്‍ഷം തടവുശിക്ഷയും അനുഭവിക്കണം. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2017 സെപ്റ്റംബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോയ കുട്ടിയെ മാതൃസഹോദരിയുടെ ഭര്‍ത്താവായ രാജേഷ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

മുത്തശ്ശിയോടൊപ്പം രാവിലെ ട്യൂഷന്‍ സെന്ററിലേക്കു പുറപ്പെട്ട കുട്ടിയെ അവിടെ എത്തിക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കൊല്ലപ്പെട്ട ബാലികയുടെ മാതൃസഹോദരിയുടെ ഭര്‍ത്താവാണു രാജേഷ്.

കുട്ടിയുടെ മാതൃസഹോദരി അവരുടെ കുഞ്ഞുമായി ട്യൂഷന്‍ സെന്ററില്‍ എത്തിയപ്പോഴാണു കുട്ടി എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് രാജേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ബന്ധുക്കളും നാട്ടുകാരും പകലും രാത്രിയും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അടുത്ത ദിവസം രാവിലെ ആര്‍.പി.എല്‍ എസ്റ്റേറ്റ് തൊഴിലാളികളാണു മൃതദേഹം കണ്ടത്. തുടര്‍ന്നു നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഏരൂര്‍ ജംഗ്ഷനിലെ കടയിലെ സി.സി.ടി.വിയില്‍ ഇയാള്‍ കുട്ടിയുമായി പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞതു കേസില്‍ നിര്‍ണായക തെളിവായി.