മന്ത്രി എ. കെ ബാലന്റെ മണ്ഡലത്തിൽ രമ്യ ഹരിദാസിന് അത്ഭുതപ്പെടുത്തുന്ന ലീഡ്

ആലത്തൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് അമ്പരപ്പിക്കുന്ന ഭൂരിപക്ഷം നേടി കുതിക്കുകയാണ്. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ് രമ്യ നേടിയിരിക്കുന്നത് . 75 ശതമാനത്തിലധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോള്‍ രമ്യ ഹരിദാസ് 127,653 വോട്ടിന്റെ ഭൂരിപക്ഷം നേടിക്കഴിഞ്ഞു.

എല്ലാ അസംബ്ലി മണ്ഡലങ്ങളിലും 10,000 വോട്ടുകള്‍ക്ക് മേലെയാണ് നിലവില്‍ രമ്യ ഭൂരിപക്ഷം നേടിയിരിക്കുന്നത്. അതില്‍ തന്നെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഞെട്ടിച്ചു കളഞ്ഞത് മന്ത്രി എ.കെ ബാലന്‍ പ്രതിനിധീകരിക്കുന്ന തരൂര്‍ മണ്ഡലത്തില്‍ നിന്ന് നേടിയ ഭൂരിപക്ഷമാണ്.

തരൂര്‍ മണ്ഡലത്തില്‍ നിന്ന് രമ്യ ഹരിദാസ് നേടിയത് 25,000 ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷമാണ്. 2016ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എ. കെ ബാലന്‍ 25,000-ത്തോളം വോട്ടിന് ജയിച്ച മണ്ഡലത്തിലാണ് രമ്യ ഈ ഭൂരിപക്ഷം നേടിയത്. ചെങ്കോട്ടയായ ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ 13,000 വോട്ടുകള്‍ക്ക് രമ്യ മുന്നിലെത്തി എന്നതും എല്‍ഡിഎഫ് പ്രവര്‍ത്തകരെ നിരാശയിലാക്കിയിട്ടുണ്ട്.