കേരളത്തില്‍ സാമുദായിക ചേരിതിരിവുണ്ടാക്കാന്‍ വഴിതെളിച്ചത് പിണറായി സര്‍ക്കാരിന്റെ നിലപാടാണെന്ന് ചെന്നിത്തല

കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിന് വഴിതെളിച്ചത് ശബരിമല കാര്യത്തില്‍ ഗവണ്‍മെന്റ് എടുത്ത നിലപാടെന്ന് ചെന്നിത്തല. ഏകപക്ഷീയമായി ഒരുവിഭാഗം ആളുകളെ വിളിച്ചുകൂട്ടി നവോത്ഥാന സമിതിയുണ്ടാക്കി. സാമുദായിക ചേരിതിരിവുണ്ടാക്കാന്‍ വഴിതെളിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സമദൂരം വിട്ട് എന്‍എസ്എസ് ഉപതിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചത് ശരിദൂരം. സമദൂരം എന്നുപറഞ്ഞാല്‍ ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്നാണോയെന്നും ചെന്നിത്തല ചോദിച്ചു.

കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്നാണ് സിപിഎമ്മിനോട് പറയാനുള്ളത്. തങ്ങളുടെ നയങ്ങള്‍ക്കെതിരെ ആരെങ്കിലും സംസാരിച്ചാല്‍ അവരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. എന്‍എസ്എസ് നേരത്തെ തന്നെ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ നിലപാടെടുത്തിട്ടുണ്ട്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്ക് മുമ്പ് തന്നെ എന്‍എസ്എസ് വിശ്വാസികളുടെ കൂടെയായിരുന്നു.

സുപ്രീം കോടതിയുടെ ശബരിമല വിധിക്ക് ശേഷം എന്‍എസ്എസ് വിശ്വാസ സംരക്ഷണത്തിന് വേണ്ടി ശക്തമായി വാദിച്ചിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുകയാണെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്കും ചെന്നിത്തല മറുപടി നല്‍കി. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ ആണ്, വേക്കന്‍സിയില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന് കാണിച്ച് എന്‍എസ്എസ്സിനെതിരെ സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുകയാണ്. പാലായില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫിന് ജീവന്‍ കൊടുക്കാനാണ് എന്‍എസ്എസിന്റെ ശ്രമം.

ഇത് സമുദായ അംഗങ്ങള്‍ തന്നെ തള്ളുമെന്നും കോടിയേരി പറഞ്ഞിരുന്നു. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇന്നലെ വ്യക്തമാക്കിയിരുന്നു. സമുദായ സംഘടനകള്‍ക്ക് പലതും പറയാം പക്ഷേ വോട്ട് ചെയ്യുന്നത് ജനങ്ങളാണെന്നായിരുന്നു കാനം ഇന്നലെ പറഞ്ഞത്.