കിഫ്ബിയിലൂടെ നടത്തുന്ന അഴിമതിയുടെ പുതിയ മാതൃകയാണ് ചെമ്പൂച്ചിറ സ്കൂൾ: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയൻ മാതൃക സ്കൂൾ ആയി പ്രഖ്യാപിച്ച തൃശൂർ പുതുക്കാട് ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂൾ കിഫ്ബിയിലൂടെ നടത്തുന്ന അഴിമതിയുടെ പുതിയ മാതൃകയാണെന്ന് നിസ്സംശയം പറയാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിർമ്മാണത്തിൽ വ്യാപകമായ അപാകതകൾ കണ്ടെത്തിയ ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂൾ പ്രതിപക്ഷനേതാവ് സന്ദർശിച്ചു. ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന കെട്ടിടത്തിൽ കുട്ടികളുടെ സുരക്ഷിതത്വത്തിനു യാതൊരു  ഉറപ്പും നൽകാൻ സാധിക്കില്ല എന്നത്  വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

കൊച്ചിയിൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനായി 180 കോടി രൂപ മുടക്കി പണിഞ്ഞ കെട്ടിടവും മുൻപ് പൊളിഞ്ഞു വീണിരുന്നു.വിദ്യാഭ്യാസ മന്ത്രിയുടെ  സ്വന്തം മണ്ഡലത്തിൽ നടന്ന ഈ ഗുരുതരമായ അഴിമതിയിൽ സ്വന്തം വകുപ്പിലെ സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും, തന്നെ വെള്ളപൂശാനുമാണ്  വിദ്യാഭ്യാസ മന്ത്രിയുടെ ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സി.ആർ.പി.സി പ്രകാരം കേസ് രജിസ്റ്റർ ചെയ്തുകൊണ്ടുള്ള  സമഗ്രമായ വിജിലൻസ്  അന്വേഷണം  നടത്താനും, കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകാനും സർക്കാർ തയ്യാറാകണം. കുട്ടികളുൾപ്പെടെയുള്ളവരുടെ ജീവന് പോലും ഭീഷണിയാകുന്ന ഈ കെട്ടിടത്തിന്റെ  സുരക്ഷിതത്വം ശാസ്ത്രീയമായി പരിശോധിച്ചു ഉറപ്പു വരുത്താൻ സർക്കാർ സത്വര നടപടികൾ കൈക്കൊള്ളണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.