തെരഞ്ഞെടുപ്പ് കമ്മീഷനെ സിപിഎം ഭീഷണിപ്പെടുത്തുന്നു; കള്ളവോട്ടിനെ ലജ്ജയില്ലാതെ ന്യായീകരിക്കാന്‍ നാണമില്ലേയെന്ന് രമേശ് ചെന്നിത്തല

കള്ളവോട്ട് പിടിക്കപ്പെട്ടതോടെ മുഖം നഷ്ടപ്പെട്ട സി.പി.എം ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഷ്ടമില്ലാത്ത വിധി വരുമ്പോള്‍ കോടതികളെ ആക്രമിക്കുകയും ജഡ്ജിയെ പ്രതീകാത്മകമായി നാടുകടത്തുകയും ചെയ്യുന്നത് പോലെയാണ് കള്ളം കയ്യോടെ പിടിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും സി.പി.എം ആക്രമിക്കുന്നത്.
യു.ഡി.എഫിന്റെ പ്രചരണ തന്ത്രത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വീണുവെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിചിത്രമാണ്. കള്ളവോട്ട് ചെയ്ത് തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള സി.പി.എം നീക്കത്തെ കയ്യോടെ പിടിച്ചപ്പോള്‍ അത് യു.ഡി.എഫും, തിരഞ്ഞെടുപ്പ് കമ്മീഷനും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ആരോപിക്കുന്നത് ജാള്യത മറയ്ക്കാനാണ്. നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ച തിരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് കോടിയേരി ശ്രമിക്കുന്നത്.

സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടി തന്നെ ഭരണഘടനാ സ്ഥാപനത്തെ അട്ടിമറിക്കാന്‍ നോക്കുന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് കോടിയേരി സംസാരിക്കുന്നത്. ഓപ്പണ്‍ വോട്ട് എന്നൊരു സംവിധാനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുമ്പോള്‍ അങ്ങനെയൊന്നുണ്ടെന്ന് പറയുന്ന കോടിയേരി തന്റെ അജ്ഞത വെളിപ്പെടുത്തുകയാണ്.
കമ്മീഷനെ ചോദ്യം ചെയ്ത് ഈ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാണ്. നിയമവ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും സി.പി.എം അതീതരല്ലെന്ന് കോടിയേരി ഓര്‍ക്കണം.

ഗുരുതരമായ തിരഞ്ഞെടുപ്പ് കുറ്റകൃത്യം ചെയ്ത തങ്ങളുടെ അണികളെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന സന്ദേശമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരായുള്ള നീക്കത്തിലൂടെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കുന്നത്.
ഇന്ത്യന്‍ പീനല്‍ കോഡ് 171 സി ഡി എഫ് വകുപ്പ് പ്രകാരമാണ് കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പോളിംഗ് ബൂത്തില്‍ നിന്ന് ലഭിച്ച സിസിടിവി – വെബ്ക്യാമറാ ദൃശ്യങ്ങളില്‍ നിന്ന് കള്ളവോട്ടാണ് നടന്നതെന്ന് വ്യക്തമായിരിക്കുകയാണ്. എന്നിട്ടും യാതൊരു ലജ്ജയുമില്ലാതെ അതിനെ ന്യായീകരിക്കാനും, നടപടിയെടുത്ത തിരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്താനുമാണ് സി പി എം നേതൃത്വം ശ്രമിക്കുന്നത്.

കണ്ണൂര്‍, കാസര്‍കോട് ലോക് സഭാ മണ്ഡലങ്ങളില്‍ സി പി എം നടത്തിയ കള്ളവോട്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത നടപടികള്‍ മാതൃകാപരമാണ് കമ്മീഷനെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് സി.പി.എം പിന്മാറണം