സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ റമീസ് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു; വിമാനത്താവളം വഴി ആറ് തോക്കുകള്‍ കടത്താൻ ശ്രമിച്ച കേസിലെ പ്രതി

തിരുവനംന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്ത് കസ്റ്റംസിന്‍റെ പിടിയിലായ പെരിന്തല്‍മണ്ണ സ്വദേശി കെടി റമീസ് നിരവധി കേസുകളിലെ പ്രതി. സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത റമീസിനെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും. റമീസിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

നേരത്തെ നെടുമ്പാശേരി വിമാനംവഴി തോക്ക് കടത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് റമീസ്. പാലക്കാട് റൈഫിള്‍ അസോസിയേഷനായി കൊണ്ടുവന്നതെന്ന് പറഞ്ഞായിരുന്നു അന്ന് രക്ഷപ്പെട്ടത്. തൊട്ടുപിന്നാലെ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ കളവ് കണ്ടെത്തുകയായിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ റമീസിന് അത് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ആറ് തോക്കുകളാണ് കേരളത്തില്‍ എത്തിച്ചത്.

ഷാര്‍പ്പ് ഷൂട്ടറായ റമീസ് മണ്ണാര്‍ക്കാട് വനമേഖലയില്‍ അടക്കം മൃഗവേട്ട നടത്തിയതിന്‍റെ പേരിലും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. 2014 ല്‍ രണ്ട് മാനുകളെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയാണ് റമീസ്. പാലക്കാട് വാളയാര്‍ സ്റ്റേഷനിലാണ് കേസ്.

നാട്ടില്‍ വലിയ സൗഹൃദങ്ങള്‍ ഇല്ലാത്ത ആളാണ് റമീസെന്ന് അയല്‍വക്കക്കാരും ബന്ധുക്കളും പറയുന്നു. അതേസമയം റമീസ് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഈ ആരോപണം നിഷേധിച്ചു.  അയല്‍വക്കക്കാരുമായി അകലം പാലിച്ചിരുന്ന റമീസിന്‍റെ വീട്ടില്‍ പുറത്തുനിന്നുള്ള ആളുകള്‍ അര്‍ധരാത്രിയില്‍ അടക്കം വന്നുപോയിരുന്നു.  പല ഇടപാടുകളും തര്‍ക്കങ്ങളില്‍ കലാശിച്ചിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നോട്ട് നിരോധനത്തിന് പിന്നാലെ തകര്‍ന്നതോടെ റമീസ് ദുരൂഹമായ ഇടപാടുകളിലേക്ക് കടക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.