രാജമല പെട്ടിമുടി സന്ദർശനം; മുഖ്യമന്ത്രിയും ഗവർണറും ഹെലികോപ്റ്ററിൽ മൂന്നാറിലെത്തി

ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടി സന്ദർശിക്കാൻ മുഖ്യമന്ത്രിയും ​ഗവർണറും ഹെലികോപ്റ്ററിൽ മൂന്നാറിലെത്തി. ഹെലികോപ്റ്ററിൽ ആനച്ചാലിലെ സ്വകാര്യ റിസോർട്ടിന്റെ ഹെലിപ്പാഡിലാണ്‌ മുഖ്യമന്ത്രി വന്നിറങ്ങിയത്.

ഗവർണർ, റവന്യൂമന്ത്രി, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്‌. മന്ത്രി എം.എം മണി, ജില്ലയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചത്.

സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തുകയാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ആനച്ചാലിൽ വന്നിറങ്ങിയ മുഖ്യമന്ത്രി നേരെ പെട്ടിമുടിയിൽ സന്ദർശനം നടത്തും. തുടർന്ന് ടീ കൗണ്ടി റിസോർട്ടിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

സന്ദർശനത്തിന് ശേഷം മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളെ കാണും. പെട്ടിമുടിയിൽ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കന്നിയാർ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ ദൗത്യസംഘം ഇന്നും തുടരും. 55 മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ നിന്ന് ഇതുവരെ കണ്ടെടുത്തത്.