സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയുടെ ശക്തി കുറയും. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ ഇല്ലെങ്കിലും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് അലര്‍ട്ട്.

എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വനമേഖലകളില്‍ ശക്തമായ മഴ തുടരാനും സാധ്യതയുണ്ട്. കേരള- തമിഴ്‌നാട് പശ്ചിമഘട്ടത്തില്‍ ഇന്നും മഴയുണ്ടാകും. അതിനാല്‍ ഡാമുകളിലും മലയോര മേഖലകളിലും ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അറബിക്കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും ഗതിയും മഴയ്ക്ക് അനുകൂലമാണ്. ഓഗസ്റ്റ് 7 തീയതിയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 138 അടിയിലെത്തി. ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടതിനെ തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. സെക്കന്റില്‍ 2,219 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ഡാമിലേക്കുള്ള നീരാഴുക്ക് കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം തുറന്നു വിടാനും സാധ്യതയുണ്ട്.