മെയ് അഞ്ച് വരെ മഴ തുടരും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത, ജാഗ്രതാനിര്‍ദ്ദേശം

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മെയ് അഞ്ച് വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിക്കും. ഉച്ചയ്ക്ക രണ്ട് മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നല്‍ സാധ്യത കൂടുതുതലാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

വരും ദിവസങ്ങളില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ന്യൂനമര്‍ദ്ദമായി മാറുന്നതോടെയാണ് വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുകയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. ആവശ്യമെങ്കില്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.