‘പ്രബുദ്ധരെന്ന് കരുതുന്ന മലയാളികളെ മണ്ടന്മാരാക്കുന്ന കണ്ണീര്‍ നാടകം’; പി.വി അന്‍വറിനെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍നിരയിലുള്ള പി.വി അന്‍വര്‍ എംഎല്‍എയുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.യു ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രളയകാലത്ത് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും അന്‍വറിനെ ഹീറോയാക്കുകയാണ് എന്നാല്‍ പരിസ്ഥിതിലോല വ്യവസ്ഥയെ വെല്ലുവിളിച്ച് പിവി അന്‍വര്‍ പാര്‍ക്കുണ്ടാക്കിയ കക്കാടംപൊയിലില്‍ ജൂണ്‍ 13, 14 ദിവസങ്ങളില്‍ മാത്രം പത്തിടത്താണ് ഉരുള്‍പ്പൊട്ടലുണ്ടായതെന്നാണ് രാഹുലിന്റെ ആരോപണം.

ആ ഉരുള്‍പ്പൊട്ടലിന്റെ കാരണം ആ കുന്ന് കയ്യേറി അവിടുത്തെ പരിസ്ഥിതിലോല വ്യവസ്ഥയെ വെല്ലുവിളിച്ച് പ്രവര്‍ത്തിക്കുന്ന വാട്ടര്‍ തീം പാര്‍ക്കാണ്. ജീവിക്കാനുള്ള അതിജീവന സമരത്തിന്റെ ഭാഗമായി ആ പാര്‍ക്കിനെതിരായി അവിടുത്തെ നാട്ടുകാര്‍ രംഗത്ത് വന്നപ്പോഴാണ് ജപ്പാനില്‍ മഴ പെയ്യിക്കുന്ന വിചിത്രവാദം അന്‍വര്‍ നിരത്തിയത്. കുടരഞ്ഞി വില്ലേജ് ഓഫീസര്‍ അന്‍വറിന്റെ പാര്‍ക്ക് കാരണം അവിടെ ഉരുള്‍പ്പൊട്ടലുണ്ടാകുന്നുവെന്നും സമുദ്രനിരപ്പില്‍ നിന്ന് 2500 അടിയോളം ഉയരത്തില്‍ മലയുടെ ഒരുവശം ഇടിച്ച് നിര്‍മ്മിച്ച പാര്‍ക്ക് തന്നെ അപകടഭീഷണിയിലാണെന്നും വിശദമാക്കി സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ലെന്നും രാഹുല്‍ ആരോപിക്കുന്നു.

നാളെ ഗോവിന്ദച്ചാമി ശിക്ഷയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങി സ്ത്രീസുരക്ഷാ സമ്മേളനം സംഘടിപ്പിച്ചാലും അയാളെ തോളിലേറ്റി നോട്ടുമാലയിടും നമ്മള്‍. കവികള്‍ അയാളുടെ സ്ത്രീസംരക്ഷണ മനസ്സിനെ പ്രകീര്‍ത്തിച്ച് ഭീമനോടുപമിച്ച് മഹാകാവ്യം എഴുതും. സൈബര്‍ നിഷ്പക്ഷ എഴുത്തുകാര്‍ നീണ്ട ലേഖനമെഴുതി കാക്കത്തൊള്ളായിരം ലൈക്കുകള്‍ വാങ്ങും. ഒ ബി വാനുകള്‍ അയാള്‍ക്ക് പിന്നാലെ പായും. നമ്മള്‍ ഗോവിന്ദച്ചാമി ഉയിര്‍ എന്ന് ഏറ്റുപറഞ്ഞ് പ്രൊഫൈല്‍ പിക്കിടും. ഇതു കണ്ട് ദൂരെ മാറിയിരുന്ന് നമ്മുടെ മറവിയെ പരിഹസിച്ച് ഒരു അരണ പൊട്ടിച്ചിരിക്കുമെന്നും പരാമര്‍ശിച്ചാണ് രാഹുലിന്റെ കുറിപ്പ് അവസാനിക്കുന്നത്.