'അപ്പോള്‍ അതാണല്ലേ കറുപ്പിനെ പേടി'; മുഖ്യമന്ത്രിയെ ട്രോളി രാഹുല്‍ മാങ്കൂട്ടത്തില്‍

ജനജീവിതം സ്തംഭിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സ്വപ്ന കറുത്ത വസ്ത്രമണിഞ്ഞ് മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് രാഹുലിന്റെ പരിഹാസം

‘അപ്പോള്‍ അതാണല്ലേ മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടി’ എന്ന കുറിപ്പോടെയാണ് രാഹുല്‍ ഫെയ്‌സ്ബുക്കില്‍ ചിത്രം പങ്കുവെച്ചത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പലയിടങ്ങളിലെയും നടപടികള്‍ വിവാദമാവുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലും കോട്ടയത്തും കര്‍ശന സുരക്ഷയാണ് ഒരുക്കിയത്. മുഖ്യമന്ത്രി എത്തുന്ന വേദികള്‍ക്ക് സമീപവും ഗസ്റ്റ്ഹൗസിലും വന്‍പൊലീസ് സന്നാഹമാണ് അണിനിരന്നിരിക്കുന്നത്. കലൂരില്‍ സുരക്ഷയൊരുക്കാന്‍ അഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍മാരെയാണ് ചുമതലപ്പെടുത്തിയത്.

കോട്ടയത്ത് നിന്ന് മുഖ്യമന്ത്രി സഞ്ചരിച്ച പാതയില്‍ എല്ലായിടത്തും പൊലീസ് കാവല്‍ നിന്നു. തൃപ്പൂണിത്തുറയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു. മുഖ്യമന്ത്രി വിശ്രമിച്ച എറണാകുളം ഗസ്റ്റ് ഹൗസില്‍ ഡി.സി.പിയുടെ നേതൃത്വത്തിലായിരുന്നു കാവല്‍ ഒരുക്കിയത്. എറണാകുളത്ത് കലൂരിലും, ചെല്ലാനത്തുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ ഉള്ളത്.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ പതിവിലും കൂടുതലായി വര്‍ധിപ്പിച്ചത്. ഏറ്റവും കുറഞ്ഞത് 40 പൊലീസുകാരുടെയെങ്കിലും അകമ്പടിയോടെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ യാത്ര.