രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവം; അക്രമം നടത്തിയവര്‍ക്ക് എതിരെ നടപടി വേണം, എസ്.എഫ്‌.ഐക്ക് സി.പി.എമ്മിന്റെ നിര്‍ദ്ദേശം

വയനാട്ടില്‍ രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് സിപിഎം. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ എന്നിവര്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നിര്‍ദ്ദേശം നല്‍കിയത്.

സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല ഇങ്ങനെയൊരു സംഭവം നടന്നതെന്നായിരുന്നു അനുശ്രീയും സാനുവും കോടിയേരിക്ക് നല്‍കിയ വിശദീകരണം. അക്രമമായി മാറിയ പ്രതിഷേധത്തെ പരസ്യമായി തള്ളിപ്പറയുന്നതിനൊപ്പം അതേരീതിയിലുള്ള തിരുത്തലും വേണമെന്ന നിര്‍ദ്ദേശവും സിപിഎം എസ്എഫ്ഐ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ സിപിഎമ്മിന്റെ വയനാട് ഘടകത്തിന് വീഴ്ചയുണ്ടായതായും നേതാക്കള്‍ വിലയിരുത്തുന്നുണ്ട്.മുന്‍കൂട്ടി നിശ്ചയിച്ചാണ് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയത്. സമരത്തിന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചാരണവും നല്‍കി. എന്നിട്ടും ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ ജാഗ്രതപാലിച്ചില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം.

വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനുമായും കോടിയേരി സംസാരിച്ചു. ആക്രമണത്തെ എസ്എഫ്ഐ നേതൃത്വം പരസ്യമായി തള്ളിയിട്ടുണ്ട്. ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം ഉണ്ടാവുമെന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റിക്ക് അറിവുണ്ടായിരുന്നതെന്ന് ദേശീയാധ്യക്ഷന്‍ വി പി സാനു പറഞ്ഞു. ഒരു വ്യക്തിക്കെതിരെയല്ല മറിച്ച്, വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ്. അത് സ്വാഭാവികമാണ്. മാര്‍ച്ച് എസ്എഫ്ഐ തീരുമാനിച്ചതല്ലെന്നും വി പി സാനു നേരത്തെ പറഞ്ഞിരുന്നു.

Read more

അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി യോഗം ചൊവ്വാഴ്ച്ച ചേരും. സംസ്ഥാന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ വ്യാപകം പ്രതിഷേധം തുടരുന്നതിനിടെയാണ് ജില്ലാ കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുന്നത്. യോഗത്തിന് ശേഷം നാളെ തു
ര്‍നടപടികള്‍ സ്വീകരിച്ചേക്കും.