രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം; അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമണത്തില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 30 ആയി. നേരത്തെ കസ്റ്റഡിയിലായ ആറ് പേരെ റിമാന്‍ഡ് ചെയ്തു.

അതേസമയം, സംഭവത്തില്‍ നടപടി തീരുമാനിക്കാന്‍ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. ഓഫിസ് ആക്രമിച്ചതില്‍ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേള്‍ക്കും. എസ്എഫ്‌ഐ സംസ്ഥാന സെന്റര്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗത്തില്‍ നടപടി തീരുമാനിക്കും.

പരിസ്ഥിതിലോല പ്രശ്നത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം എസ്എഫ്ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഓഫീസ് ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

അതേ സമയം വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിന് സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.