രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ പ്രതി ചേര്‍ത്തു

രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും പ്രതി ചേര്‍ത്തു. അവിഷിത്ത് കെ ആറിനെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. വയനാട് എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റാണ് അവിഷിത്ത്. അതേസമയം ഇയാള്‍ വൈകിയാണ് സംഭവ സ്ഥലത്തെത്തിയതെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.

കേസില്‍ അറസ്റ്റിലായ 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്ക് കല്‍പ്പറ്റ മുന്‍സിഫ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസില്‍ ആറ് പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. 19 പേരെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

പരിസ്ഥിതിലോല പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഇന്നലെയാണ് എസ്എഫ്‌ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഓഫീസ് ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ ജീവനക്കാരന്‍ അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read more

അതേസമയം ആരോഗ്യ മന്ത്രിയുടെ പി എയുടെ നേതൃത്വത്തിലാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയായിരുന്നു ആക്രമണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. നരേന്ദ്രമോദി സര്‍ക്കാറിന്റെ ക്വട്ടേഷനാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്. സംഘ പരിവാറിന്റെ അജണ്ട എസ്എഫ്‌ഐ ഏറ്റെടുത്തു. ഗാന്ധിയുടെ ചിത്രം മാത്രമാണ് അടിച്ചു തകര്‍ത്തത്. മറ്റു ചിത്രങ്ങള്‍ തൊടുക പോലും ചെയ്്തിട്ടില്ല. സംസ്ഥാനത്ത് സംഘപരിവാര്‍ പോലും ചെയ്യാത്ത കാര്യമാണ് എസ്എഫ്ഐ ഇന്നലെ ചെയ്തത്. സംഘപരിവാറിനെ സന്തോഷിപ്പിച്ച് സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.