രാഹുല്‍ ഗാന്ധി ജയിലില്‍ കിടക്കാന്‍ തയ്യാറായിരുന്നു, അമ്മ അറിയരുതെന്ന് മാത്രം പറഞ്ഞു, കെ.സി വേണുഗോപാല്‍

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് നേരിടാന്‍ രാഹുല്‍ ഗാന്ധി മാനസികമായി തെയ്യാറായിരുന്നുവെന്നും, സോണിയാഗാന്ധിയെ അറിയിക്കാതെ നോക്കണമെന്നുമായിരുന്നു പറഞ്ഞതെന്നും കെ സി വേണുഗോപാല്‍. ചോദ്യം ചെയ്യല്‍ നീണ്ട ഒരു രാത്രി എത്ര ദിവസം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് രാഹുല്‍ വളരെ ശാന്തനായി ചോദിച്ചെന്നും , 60 ദിവസം വരെ തടവില്‍ കഴിയേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ കുഴപ്പമില്ലെന്നും അമ്മ അറിയാതെ നോക്കണമെന്നുമാണ് പറഞ്ഞതെന്നും കെ സി വേണുഗോപാല്‍ വെളിപ്പെടുത്തി . മനോരമ ന്യൂസ് നേരേ ചൊവ്വേയിലാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.

നേരെചൊവ്വയില്‍ കെ സി വേണുഗോപാല്‍ പറഞ്ഞത്

ഒരു ദിവസം രാത്രി 12.45 വരെ അവര്‍ ചോദ്യം ചെയ്തു. അതുകഴിഞ്ഞ് അദ്ദേഹം തിരിച്ചുവന്നപ്പോള്‍ ഞങ്ങള്‍ ചോദിച്ചു. അറസ്റ്റ് ചെയ്യും എന്നൊരു ചിത്രമുണ്ടല്ലോ എല്ലായിടത്തും?. എന്നോട് രാഹുല്‍ ഗാന്ധി കൂളായിട്ട് ചോദിച്ചു. ‘എത്ര ദിവസം കിടക്കേണ്ടി വരും?’. ഇഡിയുടെ അറസ്റ്റ് ആയതുകൊണ്ട് പത്തോ അറുപതോ ദിവസം കിടക്കേണ്ടി വരുമെന്ന് ഞങ്ങള്‍ പറഞ്ഞു. ‘ഓ 60 ദിവസം വേണ്ടി വരുമോ? എനിക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ല. അമ്മ ആശുപത്രിയിലാണ്. അമ്മ ഇത് അറിയരുത് എന്ന് മനസിലൊരു താല്‍പര്യമുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ അത് അമ്മയെ അറിയിക്കാതെ കൈകാര്യം ചെയ്യാന്‍ പറ്റുമോന്ന് നോക്കണം.’ എന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കി.’

ഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂറാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. നാഷണല്‍ ഹെറാള്‍ഡ് പത്രം ഉള്‍പ്പെടുന്ന എജെഎല്‍ കമ്പനിയെ യങ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസാണ് ഇ ഡി അന്വേഷിക്കുന്നത്.