രാഹുല്‍ ഗാന്ധി പെരിയയില്‍: കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകള്‍ സന്ദര്‍ശിച്ചു; ‘ഇരുകുടുംബങ്ങള്‍ക്കും നീതി കിട്ടണം’

കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. ആദ്യം കൃപേഷിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ശരത് ലാലിന്റെ വീട്ടിലും സന്ദര്‍ശനം നടത്തി. 15 മിനിറ്റോളം രാഹുല്‍ കൃപേഷിന്റെ വീട്ടില്‍ ചെലവഴിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേഷ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ കെസി വേണുഗോപാല്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.

കൃപേഷിന്റെയും ശരതിന്റേയും കുടുംബങ്ങള്‍ക്ക് നീതി കിട്ടണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കുറ്റവാളികള്‍ ഉറപ്പായും ശിക്ഷിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം വികാരനിര്‍ഭരമായാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്.സംഭവത്തെ തുടര്‍ന്ന് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പെരിയ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പീതാബംബരനെ കസ്റ്റഡിയിലെടുത്തിരുന്നു. കേസ് അന്വേഷണം സിബിഐക്കു വിടണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കിയിരിക്കുകയാണ്.