രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണം, ഭാരവാഹികളുടെ എണ്ണം ഭരണഘടനയില്‍ നിശ്ചയിക്കണം; കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ചെന്നിത്തല

കോണ്‍ഗ്രസില്‍ സമൂലമായ മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയില്‍ ഓരോ തലത്തിലും എത്ര ഭാരവാഹികള്‍ വേണമെന്ന് ഭരണഘടനയില്‍ നിശ്ചയിക്കണമെന്നും ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ചിന്തന്‍ ശിബിരിന് മുന്നോടിയായി ഡല്‍ഹിയില്‍ നടന്ന ഉപസമിതിയിലാണ് രമേശ് ചെന്നിത്തല നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

ജംബോ കമ്മിറ്റികളെ ഒഴിവാക്കണം. ഡിസിസികള്‍ പുനഃസംഘടിപ്പിക്കണം. വലിയ നഗരങ്ങളില്‍ പ്രത്യേക ഡിസിസികള്‍ വേണം. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള അധികാരം പിസിസികള്‍ക്ക് അനുവദിച്ച് നല്‍കണം. പിസിസി അംഗങ്ങളുടെ എണ്ണം വലിയ സംസ്ഥാനങ്ങളില്‍ പരമാവധി നൂറും ചെറിയ സംസ്ഥാനങ്ങളില്‍ അമ്പതും ആക്കി നിജപ്പെടുത്തണം. എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് രമേശ് ചെന്നിത്തല അവതരിപ്പിച്ചത്.

പ്രവര്‍ത്തന ഫണ്ട് കണ്ടെത്താനായി എല്ലാ കൊല്ലവും ഒരു മാസം നീണ്ടു നില്‍ക്കുന്ന ഫണ്ട് ശേഖരണ ക്യാമ്പെയിന്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തന്‍ ശിബിര്‍ നടക്കുന്നത്. കോണ്‍ഗ്രസിന്റെ ഭാവി രാഷ്ട്രീയ പരിപാടികളെ കുറിച്ചും സംഘടനാ പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാനായി അധ്യക്ഷ സോണിയഗാന്ധിയുടെ നേതൃത്വത്തിലാണ് ചിന്തന്‍ ശിബിര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് 13,14,15 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി.