മുഖ്യശത്രു ബി.ജെ.പി; സി.പി.എമ്മിനെതിരെ ഒന്നും പറയില്ല; മത്സരിക്കുന്നത് ഇന്ത്യ ഒന്നെന്ന സന്ദേശം നല്‍കാന്‍: രാഹുല്‍ ഗാന്ധി

ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി പത്രിക നല്‍കി. ഇന്ത്യ ഒന്നെന്ന സന്ദേശം നല്‍കാനാണ് ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതെന്ന് നാമനിര്‍ദേശ പത്രിക നല്‍കി, റോഡ് ഷോ നടത്തിയ ശേഷം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

എന്റെ മുഖ്യശത്രു ബിജെപി മാത്രമാണെന്നും ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കുക മാത്രമാണ് കേരളത്തില്‍ നിന്നു മല്‍സരിക്കുന്നതിന്റെ ലക്ഷ്യം. സിപിഎമ്മിലെ എന്റെ സഹോദരീസഹോദരന്‍മാര്‍ ഇപ്പോള്‍ എനിക്കെതിരെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്ന് എനിക്കറിയാം. എന്നാല്‍, ഞാനൊരു കാര്യം പറയുന്നു. എന്റെ പ്രചാരണത്തില്‍ ഒരു വാക്ക് പോലും ഞാന്‍ സിപിഎമ്മിനെതിരേ സംസാരിക്കില്ല.

കേന്ദ്ര സര്‍ക്കാരും മോദിയും ആര്‍എസ്എസും ദക്ഷിണേന്ത്യയുടെ സംസ്‌കാരത്തേയും ഭാഷയേയും കടന്നാക്രമിക്കുകയും അവഗണിക്കുകയും ചെയ്യുന്നുണ്ട്. അതിനെതിരേ ഇന്ത്യ എന്നാല്‍ ഒന്നാണെന്ന സന്ദേശം പകരുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.