കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക വകുപ്പ്; വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൃപ്രയാറില്‍ ദേശീയ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

അതേസമയം, ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം തടഞ്ഞ ചൈനയുടെ നീക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. മോദിയുടെ വിദേശ നയത്തെ “നയതന്ത്ര ദുരന്തങ്ങളുടെ” ഒരു പരമ്പരയായിട്ടാണ് രാഹുല്‍ വിശേഷിപ്പിക്കുന്നത്.

ഒരു ദശാബ്ദത്തിനിടെ ഇത് നാലാം തവണയാണ് ചൈന അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ എതിര്‍ത്ത് രംഗത്തു വന്നത്. 2001 ല്‍ ഐക്യരാഷ്ട്രസഭ നിരോധിച്ച സംഘടനയാണ് ജെയ്ഷെ മുഹമ്മദ്. പക്ഷേ ആ സംഘടനയുടെ തലവനായ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കത്തെ ചൈന വീറ്റോ ചെയ്യുകയായിരുന്നു.

ദുര്‍ബലനായ മോദി ഷീനെ ഭയക്കുന്നതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയതു. ഇന്ത്യക്കെതിരെ ചൈന പ്രവര്‍ത്തിക്കുമ്പോള്‍ ഒരു വാക്കു പോലും മോദിയുടെ വായില്‍ നിന്നും പുറത്തു വന്നില്ല. നമോയുടെ ചൈനീസ് നയതന്ത്രം: ഷീനിനെ ഗുജറാത്തില്‍ തൊട്ടിലാട്ടി ഡല്‍ഹിയില്‍ കെട്ടിപ്പിടിച്ചു, ചൈനയില്‍ തല വണങ്ങിയും എന്നാണ് പരിഹാസ രൂപേണ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.