രാഹുല്‍ ഗാന്ധി സംസ്ഥാനത്ത്; ഒമ്പത് ജില്ലകളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രചാരണം നയിക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത്. യുഡിഎഫ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് രാഹുല്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രചാരണം നയിക്കും. നാളെ രാഹുല്‍ താന്‍ ജനവിധി തേടുന്ന മണ്ഡലമായ വയനാട്ടില്‍ പ്രചാരണ പരിപാടിയില്‍ പങ്കുചേരും. രണ്ട് ദിവസത്തെ പര്യടനത്തിനായിട്ടാണ് രാഹുല്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്.

ഇന്നലെ രാത്രി എത്തിയ രാഹുല്‍ ഇന്ന് രാവിലെ പത്താനാപുരം, പത്തനംതിട്ട എന്നിവടങ്ങളിലെ പ്രചാരണ ചടങ്ങുകളില്‍ പ്രസംഗിക്കും. തുടര്‍ന്ന് അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ വീട് സന്ദര്‍ശിക്കും. അതിന് ശേഷം ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പ്രചാരണത്തില്‍ പങ്കെടുക്കും.

രാഹുല്‍ നാളെ കണ്ണൂരില്‍ യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തും. പിന്നീട് ജില്ലയിലെ റോഡ് ഷോ തുടര്‍ന്ന് വയനാട്, പൊന്നാനി മണ്ഡലങ്ങളില്‍ പ്രചാരണം നടത്തും.