രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വരില്ല; താന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ടി. സിദ്ദിഖ്; 'പത്രിക നാളെ നല്‍കും'

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ വരില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്. മണ്ഡലത്തില്‍ താന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നും നാളെ വയനാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി സിദ്ദിഖിനെതിരെയുള്ള കേസുകളില്‍ അദ്ദേഹം കോടതികളില്‍ നിന്ന് ജാമ്യം എടുത്ത് തുടങ്ങി. ഇന്നലെ
പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ തിരുവനന്തപുരം രണ്ടാം അഡിഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തി അദേഹം ജാമ്യമെടുത്തു. ഇതിന് ശേഷം ഒരു മാധ്യമത്തോടാണ് താന്‍ തന്നെയാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെന്ന് അദേഹം വെളിപ്പെടുത്തിയത്.
നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ ഭാഗമായാണ് സിദ്ദിഖ് ഇന്നലെ തലസ്ഥാനത്തെത്തി തനിക്കെതിരേയുള്ള കോടതി നടപടികളില്‍ ജാമ്യമെടുത്തു മടങ്ങിയത്. കേസില്‍ ജാമ്യമില്ലാ വാറന്റ് നിലനില്‍ക്കെയാണ് സിദ്ദിഖ് ഇന്നലെ അഭിഭാഷകന്‍ ക്ലാരന്‍സ് മിറാണ്ടയോടൊപ്പം തലസ്ഥാനത്തെ അഡിഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ എത്തിയത്.
2014ല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധത്തിനിടെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസിനെ ആക്രമിച്ചെന്ന കേസിലെ ഒന്നാം പ്രതിയാണ് സിദ്ദിഖ്. ജൂണ്‍ 12നായിരുന്നു കേസ് പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേ ശപത്രിക കൊടുക്കാനുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് കേസ് ഇന്നലെ തന്നെ എടുക്കണമെന്ന് അഭിഭാഷകന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് അപേക്ഷ പരിഗണിച്ച കോടതി ഉച്ചയ്ക്ക് തന്നെ ജാമ്യം അനുവദിച്ചു