ആന്റണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുല്‍ ഗാന്ധിക്കും കമ്പനിക്കും ഇല്ല: കെ. സുരേന്ദ്രന്‍

എ. കെ. ആന്റണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുല്‍ ഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോണ്‍ഗ്രസ്സിന്റെ വര്‍ത്തമാന ദുരവസ്ഥയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. എത്രവേഗമാണ് പ്രതിപക്ഷം മോദി വിരുദ്ധതയുടെ പേരില്‍ ഇന്ത്യാ വിരുദ്ധമാവുന്നത് എന്ന് തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനതയ്ക്ക് അഞ്ഞൂറു കിലോമീറ്റര്‍ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ലെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പ് ഇങ്ങനെ..

എ.കെ ആന്റണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുല്‍ഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോണ്‍ഗ്രസ്സിന്റെ വര്‍ത്തമാന ദുരവസ്ഥ. എത്രവേഗമാണ് പ്രതിപക്ഷം മോദിവിരുദ്ധതയുടെ പേരില്‍ ഇന്ത്യാവിരുദ്ധമാവുന്നത് എന്ന് തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനതയ്ക്ക് അഞ്ഞൂറു കിലോമീറ്റര്‍ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ല.

പിന്നെ സി. പി. എമ്മിനും കമ്പനിക്കും ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്യാന്‍ വീണ്ടുമൊരവസരം കൂടി ലഭിച്ചു എന്നതിലുള്ള ചാരിതാര്‍ത്ഥ്യവും. ജന്മനാ ഇന്ത്യാവിരുദ്ധരായ അഞ്ചാംപത്തികള്‍..

ബി.ബി.സി. ഡോക്യുമെന്ററിക്ക് അനുകൂലമായ നിലപാട് സ്വീകരച്ചുള്ള പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് അനില്‍ ആന്റണി കോണ്‍ഗ്രസിലെ പദവികള്‍ രാജിവച്ചൊഴിഞ്ഞു. ട്വിറ്ററിലൂടെയാണ് രാജിക്കാര്യം അനില്‍ പരസ്യമാക്കിയത്.

അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പെന്ന് അനില്‍ ട്വീറ്റ് ചെയ്തു. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനവും, എ.ഐ.സി.സി സോഷ്യല്‍ മീഡിയ നാഷണല്‍ കോഡിനേറ്റര്‍ സ്ഥാനവുമാണ് അനില്‍ പാര്‍ട്ടിയില്‍ വഹിച്ചിരുന്നത്.