നരേന്ദ്ര മോദി നടത്തുന്ന ഓൺലൈൻ ക്ലാസിൽ പൂജ പഠിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ് രാഹുൽ ​ഗാന്ധി: എ. വിജയരാഘവൻ

നരേന്ദ്രമോദി നടത്തുന്ന ഓൺലൈൻ ക്ലാസിൽ പൂജ പഠിക്കാൻ അപേക്ഷനൽകി കാത്തിരിക്കുകയാണ് രാഹുൽ ​ഗാന്ധി എന്ന് സി.പി.എം നേതാവ് എ വിജയരാഘവൻ. രാജ്യത്തിന്റെ പ്രധാനമന്ത്രി സന്യാസിയെപ്പോലെ ക്ഷേത്രങ്ങൾ കയറിയിറങ്ങുകയാണ്. അതിൽ ആർക്കും വിരോധമില്ല. എന്നാൽ രാജ്യത്തിന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ല എന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങളെക്കൂടി പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. സംസ്ഥാനങ്ങളുടെ വരുമാനം കുത്തനെ കുറഞ്ഞു. ജിഎസ്ടി വന്നതോടെ വരുമാനമില്ലാത്ത, വല്ലാത്ത കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ചെലവ്‌ കുറയ്ക്കാൻ നിർബന്ധിതരായി. ഈ പ്രതിസന്ധിയിൽ പകച്ചുനിൽക്കുകയല്ല കേരളം ചെയ്തത്. കിഫ്ബിയിലൂടെ പണം സമാഹരിച്ച് നിക്ഷേപങ്ങളെ സ്വാ​ഗതം ചെയ്താണ് പ്രതിസന്ധി മറികടന്നത്. കിഫ്ബിക്കെതിരായ നുണപ്രചാരണമാണ് പ്രതിപക്ഷം നടത്തിയത്. ഇതിനെയെല്ലാം മറികടന്നാണ് കേരളം മുന്നിലേക്ക് കുതിക്കുന്നത്.

50 വർഷത്തിനു ശേഷമുണ്ടാകുന്ന കുട്ടികൾക്കും പൊതുവിദ്യാലയത്തിലൂടെ പഠനം സാധ്യമാകുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഇടതുപക്ഷ സർക്കാർ ഒരുക്കുന്നത്. കെ റെയിൽ എന്ന് കേൾക്കുമ്പോൾത്തന്നെ പ്രതിപക്ഷം എതിർപ്പ് ഉന്നയിച്ചു. കംപ്യൂട്ടറിനെയും ട്രാക്ടറിനെയും എതിർത്തവർ എന്ന്‌ ഞങ്ങളെ കളിയാക്കുന്നവർ എന്തുകൊണ്ട് കെ റെയിലിനെ എതിർക്കുന്നു എന്നും എ വിജയരാഘവൻ ചോദിച്ചു.