നമ്മൾ ആയിരുന്നു ശരിയെന്ന് കാലം തെളിയിക്കട്ടെ; ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുമെന്ന് രഹ്‌ന ഫാത്തിമ

സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകുമെന്ന് ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമ. തുടർ അന്വേഷണത്തോടും നിയമ നടപടികളോടും പൂർണമായും സഹകരിക്കുമെന്ന് രഹ്‌ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

സാമൂഹിക മാറ്റത്തിനും ലിംഗ സമത്വത്തിനും സ്ത്രീശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിനും എതിരെയും പോരാടാൻ പിന്തുണ നൽകിയ എല്ലാവരോടും സ്നേഹം. നമ്മൾ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെയെന്നും രഹ്‌ന കുറിച്ചു.

നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസിലാണ് കോടതി രഹ്‌ന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളിയത്. ഇങ്ങനെയൊരു കേസുമായി എന്തിന് വന്നെന്ന് രഹ്‌ന ഫാത്തിമയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു.

ലൈംഗികതയെ കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവർക്കിടയിൽ പ്രചാരണം നടത്താണ് ശ്രമിച്ചതെന്ന് രഹ്‌ന ഫാത്തിമയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.