സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ റബിന്‍സ് ഹമീദിനെ അറസ്റ്റിൽ, ഇന്ന് കോടതിയില്‍ ഹാജരാക്കും

Advertisement

സ്വർണക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളി മൂവാറ്റുപുഴ സ്വദേശി റബിൻസ് കെ. ഹമീദിനെ (42) എൻഐഎ അറസ്റ്റ് ചെയ്തു. ഇന്റർപോളിന്റെ സഹായത്തോടെ യുഎഇയിൽ നിന്നു നാടുകടത്തിയ പ്രതിയുടെ അറസ്റ്റ് ഇന്നലെ വൈകിട്ടു 4.30 നു കൊച്ചി വിമാനത്താവളത്തിലാണു രേഖപ്പെടുത്തിയത്. കെ.ടി റമീസ്, എം.എം. ജലാൽ എന്നിവർക്കൊപ്പം ഗൂഢാലോചന നടത്തി ദുബായിൽ നിന്നു നയതന്ത്ര പാഴ്സലിൽ കേരളത്തിലേക്കു സ്വർണം കടത്തിയ റാക്കറ്റിലെ മുഖ്യപങ്കാളിയാണു റബിൻസ് എന്ന് അന്വേഷണസംഘം പറയുന്നു. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലെ 10-ാം പ്രതിയും കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 18-ാം പ്രതിയുമാണ് അറസ്റ്റിലായ റിബിന്‍സ് ഹമീദ്. റിബിന്‍‌സ് ഹമീദും കേസില്‍ നേരത്തെ അറസ്റ്റിലായ കെ.ടി റമീസുമാണ് സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്മാരെന്ന് എന്‍.ഐ.എ നേരത്തേ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ആറ് പേര്‍ വിദേശത്താണെന്നും എന്‍.ഐ.എ അറിയിച്ചിരുന്നു. കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകണമെങ്കില്‍ റിബിൻസിനെയും ഫൈസൽ ഫരീദിനെയും കസ്റ്റഡിയിൽ കിട്ടണമെന്നായിരുന്നു എന്‍ഐഎയുടെ നിലപാട്.

എന്‍.ഐ.എ സംഘം യു.എ.ഇയിലെത്തിയപ്പോൾ യു.എ.ഇ ഭരണകൂടം ഇരുവരെയും അറസ്റ്റ് ചെയ്തതായി അറിയിച്ചിരുന്നു. സ്വർണക്കടത്ത് പിടിക്കപ്പെട്ടതു മുതൽ യു.എ.ഇ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്ന റബിൻസിനെ നാടുകടത്തുകയായിരുന്നു. എന്നാൽ കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിന്‍റെ കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായതോടെ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടായേക്കുമെന്നാണ് സൂചന.