'കെ സുധാകരന്‍ നേരിട്ട് വിളിച്ച് വിലക്കി'; സിപിഎം സെമിനാറില്‍ പങ്കെടുക്കാതെ ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍ മടങ്ങി

സിപിഐഎം സെമിനാറിനെത്തിയ ഐഎന്‍ടിയുസി നേതാവ് ഇ ചന്ദ്രശേഖരന്‍ പങ്കെടുക്കാതെ മടങ്ങി. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് അനുബന്ധമായി നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പയ്യന്നൂരിലെത്തിയത്. എന്നാല്‍ സംസ്ഥാന നേതൃത്വം വിലക്കിയതിനേത്തുടര്‍ന്ന് പരിപാടി ഉപേക്ഷിച്ച് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ നേരിട്ട് വിളിച്ച് സെമിനാറില്‍ പങ്കെടുക്കുന്നത് വിലക്കിയെന്ന് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

പാര്‍ട്ടി വിലക്കിയതിനാല്‍ സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ഐഎന്‍ടിയുസി നേതാവ് വ്യക്തമാക്കി. സിപിഐഎം നേതാക്കളെ കണ്ട് ഖേദം പ്രകടിപ്പിച്ചാണ് ഇ ചന്ദ്രശേഖരന്‍ മടങ്ങിയത്. അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുക്കുന്നതിന് കെപിസിസി വിലക്കേര്‍പ്പെടുത്തിയത് ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐഎം പ്രതികരിച്ചു.

സിപിഐഎം സെമിനാറില്‍ ക്ഷണം ലഭിച്ച ശശി തരൂര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കരുതെന്ന കെപിസിസി നിര്‍ദേശം തനിക്ക് ലഭിച്ചില്ലെന്നാണ് തരൂര്‍ പറയുന്നത്. ജനാധിപത്യത്തില്‍ വിരുദ്ധ ചേരികളിലുള്ളവര്‍ ചര്‍ച്ചകളിലേര്‍പ്പെടണം. ദേശീയ തലത്തിലെ പരിപാടിയായതിനാലാണ് പങ്കെടുക്കാമെന്ന് ഏറ്റതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.