'ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറിയായത് മുതല്‍ പക'; കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്, നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട് മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്. ഷാജഹാന് പാര്‍ട്ടിയിലുണ്ടായ വളര്‍ച്ചയാണ് കൊലപാതകത്തിന് കാരണമെന്നും ബ്രാഞ്ച് സെക്രട്ടറി ആയപ്പോള്‍ മുതല്‍ പ്രതികള്‍ക്ക് പകയുണ്ടായിരുന്നെന്നും പാലക്കാട് എസ് പി ആര്‍ വിശ്വനാഥ് പറഞ്ഞു. കേസില്‍ പിടിയിലായ പ്രതികളില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

നവീന്‍, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മറ്റു പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതികളിലൊരാളായ നവീന്‍, രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നു. രാഖി ഷാജഹാന്‍ പൊട്ടിച്ചതും വിരോധം കൂട്ടി. അതേസമയം ഇതൊരു രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാന്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.

പ്രതികള്‍ക്ക് 2019 മുതല്‍ തന്നെ ഷാജഹാനോട്് വിരോധമുണ്ട്. ഷാജഹാന്റെ സിപിഎമ്മിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്ക് എതിര്‍പ്പുണ്ടായി. പിന്നീട് ഇവര്‍ സിപിഎമ്മുമായി അകലുകയും ഷാജഹാന്‍ ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൊലപാതക ദിവസം ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാതകം.

പാലക്കാട് ഡിവൈഎസ്പി വി കെ രാജുവിന്റെ മേല്‍നോട്ടത്തില്‍ 19 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. എട്ട് പ്രതികളെയും പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ അറസ്റ്റാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗൂഢാലോചന, സഹായം, എന്നിവ പരിശോധിക്കുകയാണെന്നും എല്ലാവരെയും ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.