'ഒരു മുഖ്യമന്ത്രി രണ്ട് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുന്നത് ശരിയല്ല', യോഗിക്ക് മറുപടി നല്‍കി പിണറായി

കേരളത്തിന് എതിരായ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശങ്ങള്‍ക്ക് സഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തി ഒരു മുഖ്യമന്ത്രി പറയുന്നത് ശരിയല്ല. യോഗി ആദിത്യനാഥിന്റേത് രാഷ്ട്രീയമായി ഉയര്‍ത്തിയ ശരിയല്ലത്ത വര്‍ത്തമാനമാണെന്ന് പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. ഉത്തര്‍ പ്രദേശ് കേരളം പോലെ ആകാതിരിക്കാന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.

ഒരു തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്നാണ് ആദ്യഘട്ട പോളിംങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് യോഗി ആദിത്യനാഥ് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. യു.പി ബി.ജെ.പിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആയിരുന്നു വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തത്. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി യോഗി രംഗത്ത് വന്നിരുന്നു.

കേരളത്തിലും ബംഗാളിലും അക്രമവും അരാജകത്വവുമാണ് നടമാടുന്നത്. ബംഗാളില്‍ നിന്ന് വന്നപ്പോള്‍ യു.പിയിലും അരാജകത്വം പരത്തുകയാണ്. കേരളത്തിലാകട്ടെ നിറയെ അക്രമം. രാഷ്ട്രീയത്തിന്റെ പേരില്‍ അരും കൊലകളാണ് നടക്കുന്നതെന്നും, തന്റെ ജനങ്ങള്‍ ഒരു മുന്നറിയിപ്പ് കൊടുക്കുകയായിരുന്നു എന്നുമാണ് എ.എന്‍.ഐ.യുമായുള്ള അഭിമുഖത്തില്‍ യോഗി പറഞ്ഞത്.

യുപി കേരളം പോലെ ആയാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് നേരത്തെ ഈ വിഷയത്തില്‍ പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. കേരളത്തില്‍ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്നില്ലെന്നും ഇതാണ് യു.പിയിലെ ജനങ്ങളും ആഗ്രഹിക്കേണ്ടതെന്നുമാണ് യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് ട്വിറ്ററില്‍ കുറിച്ചത്.

യു.പി കേരളത്തെപ്പോലെ ആയാല്‍, മികച്ച വിദ്യാഭ്യാസം,ആരോഗ്യ സംവിധാനം, സാമൂഹിക അഭിവൃദ്ധി, ജീവിത നിലവാരം, സാമൂഹിക സൗഹാര്‍ദ്ദം എന്നിവ ആസ്വദിക്കാന്‍ യു.പിക്ക് ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.