'സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൊണ്ട് മാത്രം ദളിത് വിഭാഗങ്ങള്‍ രക്ഷപ്പെടില്ല'; വിദേശത്ത് പോകണമെന്ന് കെ. ടി ജലീല്‍

സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ മാത്രം കിട്ടി ദളിത് വിഭാഗങ്ങള്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്ന് കെ ടി ജലീല്‍ എംഎല്‍എ. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന നാമമാത്ര ആനുകൂല്യങ്ങളിലൂടെ എസ്സിഎസ്ടി വിഭാഗങ്ങള്‍ക്ക് ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും മുന്നോട്ട് പോകാനാവില്ല, സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും പുരോഗതിയെന്നും മന്ത്രി പറഞ്ഞു. മലപ്പുറം വട്ടംകുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജനകീയ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഭ്യസ്ത വിദ്യരായിട്ടുള്ള എസ്സിഎസ്ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് തൊഴില്‍തേടി പോകുന്നതിനുള്ള സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ പദ്ധതികളില്‍ വിഹിതങ്ങള്‍ നീക്കിവെക്കണം.

സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കിട്ടി, നമ്മള്‍ മുന്നോട്ട് പോകാന്‍ തുനിഞ്ഞാല്‍ ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും അധികമൊന്നും ദൂരത്തേക്ക് സഞ്ചരിക്കാനാവില്ല. എല്ലാ അഭിവൃദ്ധിയുടേയും പുരോഗതിയുടേയും അടിസ്ഥാനം സാമ്പത്തിക ശേഷിയാണ്.’ കെ ടി ജലീല്‍ പറഞ്ഞു.

സാമ്പത്തിക അടിത്തറ കൈവരിക്കാന്‍ വിദേശത്ത് പോയി സമ്പാദിക്കണമെന്നും കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. ഇവിടെയുള്ള വലിയ വീടുകളില്‍ ആരാണ് ജീവിക്കുന്നത് എന്ന് അന്വേഷിച്ചാല്‍ ഒരാളെങ്കിലും അവിടെ നിന്നും വിദേശ രാജ്യങ്ങളില്‍ ഉണ്ടാവാതിരിക്കില്ല. കെ ടി ജലീല്‍ പറഞ്ഞു.