ജയില്‍ തടവുകാരുടെ പുതിയ തന്ത്രം ; രോഗമെന്ന വ്യാജേന ആശുപത്രി വാസം, പിന്നീട് ക്വട്ടേഷനും

രോഗമെന്ന വ്യാജേന ജയിലില്‍ നിന്ന് പുറത്തുകടക്കുന്ന തടവുകാര്‍ കൂട്ടാളികളുമായി ചേര്‍ന്ന് ആശുപത്രികള്‍ കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജയില്‍ ജീവനക്കാരുടെ ഒത്താശയോടെയാണ് തടവുകാര്‍ ക്വട്ടേഷന്‍ ആസൂത്രണം ചെയ്യുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

വിയ്യൂര്‍ ജയിലിലെ തടവുകാരനായ കൊടിസുനി ഹവാലപണം തട്ടിയെടുക്കാനായി ക്വട്ടേഷന്‍ നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. ജയിലില്‍ നിന്നുകൊണ്ട്തന്നെ തടവുകാര്‍ എങ്ങനെ ക്വട്ടേഷന്‍ നടത്തുന്നുവെന്ന സംശയത്തില്‍ നിന്നാണ് പുതിയ തന്ത്രം വെളിച്ചത്തുവന്നത്.

സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഡോക്ടര്‍മാരുണ്ട്.എന്നാല്‍ അടുത്ത കാലത്തായി ജയിലില്‍ നിന്നും ആശുപത്രിയിലേക്കുള്ള തടവുകാരുടെ യാത്ര വര്‍ധിച്ചിരുന്നു. അന്വേഷണത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും രോഗമില്ലാത്തവര്‍ വരെ ആശുപത്രികളില്‍ പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല,തടവുകാരുടെ ആശുപത്രി യാത്രയുടെ വിവരം ജയില്‍ ജീവനക്കാര്‍തന്നെ പുറത്തുള്ളവര്‍ക്ക് നല്‍കുന്നുണ്ടെന്നാണ് വിവരം.

തടവുകാര്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടെത്താനായി മിന്നല്‍ പരിശോധന ശക്തമാക്കിയതാണ് ആശുപത്രികള്‍ ക്വട്ടേഷന്‍ കേന്ദ്രമാക്കാനുള്ള പ്രധാന കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് തടയിടാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് രഹസ്യാന്വേണ വിഭാഗം ശുപാര്‍ശ ചെയ്യുന്നു.