എം.എല്‍.എ സ്ഥാനം രാജി വെയ്ക്കണമെന്ന് ഇ. ടി; കേരളമാകെ തോറ്റതു കൊണ്ട് രാജി വെയ്ക്കില്ലെന്ന് അന്‍വര്‍

പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെയ്ക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പൊന്നാനിയില്‍ തോറ്റാല്‍ രാജിവെയ്ക്കുമെന്ന് പി.വി അന്‍വര്‍ പറഞ്ഞിരുന്നു. ആ വാക്ക് അന്‍വര്‍ പാലിക്കണമെന്നും ഇ. ടി പറഞ്ഞു.

എന്നാല്‍, കേരളത്തില്‍ ഭൂരിപക്ഷം സീറ്റുകളിലും എല്‍.ഡി.എഫിന് പരാജയം സംഭവിച്ചതിനാല്‍ താന്‍ മാത്രം എം.എല്‍.എ സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്ന് പി.വി അന്‍വര്‍ എം.എല്‍.എ പ്രതികരിച്ചു. സംസ്ഥാനത്ത് കൂട്ടത്തോല്‍വി ഉണ്ടായതിനാല്‍ രാജിവെയ്ക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം ഇല്ലെന്നും അദ്ദേഹം ഇ.ടിക്ക് മറുപടി നല്‍കി.

കെ.ടി ജലീലിനൊപ്പം നടത്തിയ റോഡ് ഷോയ്ക്കിടെയാണ് മണ്ഡലത്തില്‍ പരാജയപ്പെട്ടാല്‍ എം.എല്‍.എ സ്ഥാനം രാജിവെയ്ക്കുമെന്ന് അന്‍വര്‍ പറഞ്ഞത്.

അതേസമയം, അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കുണ്ടായ പരാജയവുമായി താരതമ്യം ചെയ്യുമ്പോള്‍ പൊന്നാനിയിലെ തോല്‍വി നിസ്സാരമാണെന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വോട്ടിനായി നട്ടെല്ല് പണയം വെച്ച് താന്‍ വര്‍ഗീയ ശക്തികളുടെ പിന്നാലെ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.