പുഷ്പാഞ്ജലി സ്വാമിയാരുടെ പൂജാവിഗ്രഹങ്ങൾ കാണാതായതായി പരാതി

മുഞ്ചിറമഠത്തിലെ കയ്യേറ്റത്തിനെതിരെ സമരം നടത്തിവരുന്ന തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ ചാതുര്‍മാസ്യ പൂജയ്ക്ക് ഉപയോഗിച്ചിരുന്ന സാളഗ്രാമങ്ങള്‍ കാണാതായതായി പരാതി. മിത്രാനന്ദപുരത്ത് അദ്ദേഹം പൂജ നടത്തിയ സ്ഥലത്തു നിന്നാണു സാളഗ്രാമങ്ങള്‍ കാണാതായത്. ഇതിനു പിന്നില്‍ സേവാഭാരതി നടത്തിപ്പുകാരാണെന്ന് സ്വാമിയാര്‍ ആരോപിച്ചു.

രണ്ടുമാസം നീണ്ട പൂജ ഞായറാഴ്ച അവസാനിച്ചിരുന്നു. പൂജയ്ക്കായി ഞായറാഴ്ച രാവിലെ മഠത്തിലെത്തിയപ്പോള്‍ ശ്രീരാമന്റെയും ഭഗവതിയുടെയും സാളഗ്രാമങ്ങള്‍ കണ്ടില്ലെന്നും പകരം രണ്ടു ചെടിച്ചട്ടികളാണ് കണ്ടതെന്നും സ്വാമിയാര്‍ പറഞ്ഞു.

‘ശ്രീചക്രം യഥാസ്ഥാനത്തുണ്ടായിരുന്നു. ബാലസദനം നടത്തിപ്പുകാരോടു തിരക്കിയപ്പോള്‍ കണ്ടില്ലെന്ന ഉത്തരമാണു നല്‍കിയത്. മൂപ്പില്‍ സ്വാമിയാര്‍ പൂജിച്ചിരുന്ന നൂറ്റാണ്ട് പഴക്കമുള്ള സാളഗ്രാമങ്ങളാണു നഷ്ടമായത്.’- അദ്ദേഹം പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഞ്ചിറമഠം ഒഴിഞ്ഞുനല്‍കണമെന്നാവശ്യപ്പെട്ട് പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദതീര്‍ഥ നിരാഹാര സമരം നടത്തിവരികയായിരുന്നു.

Read more

ആറുദിവസമായി നടത്തിവരികയായിരുന്ന സമരത്തിനിടെ ആര്‍.എസ്.എസുകാര്‍ ആക്രമണം നടത്തിയതായി പരാതി ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് സ്വാമിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.മഠത്തിന്റെ അവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങളിലുള്ളവര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്നു ചര്‍ച്ച നടത്താനിരിക്കെയാണ് സാളഗ്രാമം കാണുന്നില്ലെന്ന പരാതി ഉയര്‍ന്നത്. ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ നാളെ ഉപവാസം ആരംഭിക്കുമെന്നു സ്വാമിയാര്‍ വ്യക്തമാക്കിയിരുന്നു.