നഗരസഭയുടെ അക്കൗണ്ടില്‍ നിന്നും 12 കോടി തട്ടിയ ബാങ്ക് മാനേജരെ പത്ത് ദിവസമായിട്ടും അറസ്റ്റ് ചെയ്തിട്ടില്ല

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ശാഖയിലുള്ള നഗരസഭയുടെ അക്കൗണ്ടില്‍ നിന്നും 12 കോടിയോളം രൂപ അപഹരിച്ച പ്രതിയെ 10 ദിവമായിട്ടും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. മാനേജര്‍ റിജില്‍ ആണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടും ഇതു വരെ അയാള്‍ പിടിയിലായിട്ടില്ല.
ഇയാള്‍ നടത്തിയ തട്ടിപ്പിന്റെ കണക്ക് തിട്ടപ്പെടുത്താന്‍ മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞത്. തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് ഇടപാടുകള്‍ നിത്യേനെ പരിശോധിക്കാനുള്ള നടപടി നഗരസഭ നടത്തിവരുന്നുണ്ട്്.

കഴിഞ്ഞ മാസം 29 നാണ് പണം തട്ടിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നാം തീയതി ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഇതിനിടയില്‍ പ്രതിയായ റിജില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തു. അതേ സമയം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ അന്വേഷണ സംഘം സമയം ചിലവഴിച്ചത് എത്ര അക്കൗണ്ടുകളില്‍ തിരിമറി നടന്നുവെന്ന്് കണ്ടെത്താനാണ്.

അതേ സമയം നഗരസഭാ അക്കൗണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപാ തട്ടിച്ച മാനജര്‍ റിജിലിനെ ഇതുവരെ പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതിന് പിന്നില്‍ ദുരൂഹതയേറുകയാണ്. നാളെയാണ് റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുന്നത്. അതിന് ശേഷം അന്വേഷണം ഊര്‍ജ്ജിതമാക്കാമന്നാണ് അന്വേണ സംഘം കരുതുന്നത്. ഇത് അറസ്റ്റില്‍ നിന്ന് രക്ഷപെടാന്‍ കൂടുതല്‍ സമയം പ്രതിക്ക് നല്‍കാനാണെന്ന സംശയവും ഉണ്ട്. സംഭവത്തിന് പിന്നില്‍ ബാങ്കിലെ മാനേജറാണ് എന്ന് കണ്ടെത്തിയപ്പോള്‍ തന്നെ അറസ്റ്റ് നടന്നിരുന്നെങ്കില്‍ മുന്‍ കൂര്‍ ജാമ്യത്തിന്റെ പേരില്‍ പ്രതിക്ക് പൊലീസിനെ വെട്ടിച്ച് നടക്കാന്‍ കഴിയില്ലായിരുന്നുവെന്നാണ് പറയുന്നത്.