എ.എ റഹീമിന്റെ വ്യാജ ചിത്രം ഉപയോ​ഗിച്ച് പ്രചാരണം; സ്കൂൾ അധ്യാപിക അറസ്റ്റിൽ

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ചിത്രം ഉപയോ​ഗിച്ച് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തിയ സ്കൂൾ അധ്യാപക അറസ്റ്റിൽ. കല്ലറ സ്വദേശിനിയും സ്കൂൾ അധ്യാപികയുമായ പ്രിയ വിനോദിനെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് രണ്ടു പേരുടെ ആൾ ജാമ്യത്തിൽ വിട്ടയച്ചു.

പുരാവസ്തു തട്ടിപ്പുകേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത മോന്‍സൺ മാവുങ്കലുമായി അടുപ്പം ഉണ്ടെന്നു വരുത്തിത്തീർക്കുന്ന രീതിയിൽ മോൻസൻറെ കൈവശത്തിലുണ്ടായിരുന്ന സിംഹാസനത്തിൽ എ.എ റഹിം ഇരിക്കുന്ന തരത്തിൽ മോർഫ് ചെയ്ത ചിത്രം ഇവർ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി.

നേരത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെയും സി.പി.ഐ.എം നേതാവ് എം. സ്വരാജിന്റെയും വ്യാജ ചിത്രങ്ങളും ഇത്തരത്തിൽ പ്രചരിച്ചിരുന്നു. സിനിമാ നടൻ ബൈജുവിനൊപ്പമുള്ള മന്ത്രിയുടെ ചിത്രമാണ് മോന്‍സൺ മാവുങ്കലിന്റെതെന്ന് പറഞ്ഞ് പ്രചരിച്ചത്. ഇതിനെതിരെ മന്ത്രി പൊലീസിൽ പരാതി നൽകിയിരുന്നു. സിനിമാ നടൻ മമ്മൂട്ടിയോടൊപ്പമുള്ള എം. സ്വരാജിന്റെ ചിത്രമാണ് മോന്‍സൺ എന്ന പേരിലും പ്രചരിച്ചത്. ഈ ചിത്രങ്ങൾ വന്നതിന് പിന്നാലെ ഒറിജനൽ ഫോട്ടോയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.