കോട്ടയം ജില്ലയിൽ നിരോധനാജ്ഞ; നാലു പേരില്‍ കൂടുതല്‍ ഒത്തുചേർന്നാല്‍ കര്‍ശന നടപടി

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കോട്ടയം ജില്ലയില്‍ സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇത്. ഇന്ന് രാവിലെ ആറ് മണി മുതലാണ് ജില്ലയിൽ നിരോധനാജ്ഞ.

ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് നിരോധനമുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വ്വീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. ജനങ്ങള്‍ നിയമവിരുദ്ധമായി കൂട്ടം കൂടുന്നതായി ജില്ലാ പോലീസ് മേധാവിയും കോട്ടയം, പാലാ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നതായി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതോ‌ടെ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളുടെ എണ്ണം എട്ടായി. കടുത്ത നിയന്ത്രണങ്ങളുള്ള കാസർഗോഡിനു പുറമേ കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.