സർവീസിൽ നിന്ന് വിരമിച്ചവർക്കും പ്രൊഫസർ പദവി; യു.ജി.സി വ്യവസ്ഥ ലംഘിച്ചെന്ന പരാതിയിൽ വിശദീകരണം തേടി ഗവർണർ

ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിന് മുന്‍കാല പ്രാബല്യത്തില്‍ പ്രൊഫസര്‍ പദവി നല്‍കുന്നതിനായി യുജിസി ചട്ടങ്ങള്‍ ലംഘിച്ചെന്ന പരാതിയില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സര്‍വീസില്‍ നിന്ന് വിരമിച്ച കോളജ് അധ്യാപകര്‍ക്കുകൂടി പ്രൊഫസര്‍ പദവി അനുവദിക്കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കം യുജിസി ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റിയാണ് പരാതി നല്‍കിയത്.

2018ലെ യുജിസി റെഗുലേഷന്‍ വകുപ്പ് 6.3 പ്രകാരം സര്‍വീസില്‍ തുടരുന്നവരെ മാത്രമേ പ്രൊഫസര്‍ പദവിയിലേക്ക് പരിഗണിക്കാന്‍ പാടുള്ളൂ എന്ന് യുജിസി വ്യവസ്ഥയുണ്ട്. ഇത് ലംഘിച്ചാണ് വിരമിച്ച അധ്യാപകര്‍ക്ക് കൂടി പ്രൊഫസര്‍ പദവി അനുവദിച്ചു കൊണ്ടുള്ള സിന്‍ഡിക്കേറ്റിന്റെ നടപടി എന്നാണ് ആരോപണം.

മന്ത്രി ബിന്ദു കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപികയായിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി കഴിഞ്ഞ മാര്‍ച്ചില്‍ സ്വയം വിരമിച്ചു. അതിനാല്‍ മന്ത്രി ബിന്ദുവിന് മുന്‍കാല പ്രാബല്യത്തില്‍ പ്രൊഫസര്‍ പദവി അനുവദിക്കാനാണ് സര്‍വ്വകലാശാലയുടെ തീരുമാനം എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

പ്രൊഫസര്‍ പദവി ഉപയയോഗിച്ച് ബിന്ദു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും ബാലറ്റ് പേപ്പറില്‍ പ്രൊഫസര്‍ എന്ന് രേഖപ്പെടുത്തിയതും വിവാദമായി മാറിയിരുന്നു. ഇത് ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ കേസും നല്‍കിയിട്ടുണ്ട്. ഈ കേസ് ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് സര്‍വ്വകലാശാല എടുത്തിരിക്കുന്ന തീരുമാനം എന്നും ആക്ഷേപമുണ്ട്. പ്രൊഫസര്‍ ബിന്ദു എന്ന പേരിലാണ് മന്ത്രി സത്യപ്രതിജ്ഞ ചെയ്തത്, ഇത് വിവാദമായതോടെ പ്രൊഫസര്‍ പദവി പിന്‍വലിച്ച് കഴിഞ്ഞ ജൂണ്‍ 8 ന് ഗസറ്റ് വിജ്ഞാപനവും ഇറക്കിയിരുന്നു.