ഉമ്മന്‍ചാണ്ടി കാറെടുത്ത് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പോയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ; ജനപിന്തുണയും, ഹൈക്കമാന്‍ഡ് പിന്തുണയും ഒന്നല്ലെന്ന് മനസിലാക്കണം

കോണ്‍ഗ്രസിനകത്തെ പരസ്യപ്രതികരണങ്ങള്‍ക്ക് നേതാക്കള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഉമ്മന്‍ചാണ്ടിയുടെ പിന്തുണ എന്താണെന്ന് മനസിലാക്കിയെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം. ഉമ്മന്‍ചാണ്ടി കാറെടുത്ത് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പോയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാത്രുഭൂമി ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മറ്റുനേതാക്കള്‍ ജനപിന്തുണയും, ഹൈക്കമാന്‍ഡ് പിന്തുണയും ഒന്നല്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡിസിസി അധ്യക്ഷപ്പട്ടികയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ ആരംഭിച്ച തര്‍ക്കം അവസാനിക്കുന്നു എന്നാണ് ഇന്നത്തെ നേതാക്കളുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. ഇത്രയും കാലം നിങ്ങള്‍ പറഞ്ഞത് ഞങ്ങള്‍ കേട്ടില്ലെ ഇനി ഞങ്ങള്‍ പറയാമെന്ന് പറഞ്ഞ വി ഡി സതീശന്‍ പാര്‍ട്ടി അച്ചടക്കത്തിന് വഴങ്ങുന്നുവെന്ന് പ്രഖ്യാപിച്ചു. അതേസമയം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കാനുള്ള ചര്‍ച്ചകള്‍ ഉടനുണ്ടാകുമെന്ന സൂചനകള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും നല്‍കിക്കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയെ കൈവിട്ട് മറുപക്ഷം ചാടിയെന്ന് പഴികേട്ട ടി സിദ്ദിഖ് സമസ്ഥാപരാധം ഏറ്റുപറഞ്ഞത് ഉമ്മന്‍ചാണ്ടിക്കൊപ്പം തിരിച്ചുനടന്നുപോകുന്ന ചിത്രം പങ്കുവെച്ചാണ്.