പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത് അഭിമുഖം മാനദണ്ഡമാക്കി; ക്രമക്കേടില്ലെന്ന് വി സി, വിശദീകരണം നല്‍കി

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയത് അഭിമുഖം മാനദണ്ഡമാക്കി തന്നെയെന്ന് വൈസ് ചാന്‍സലര്‍. പ്രിയ വര്‍ഗീസാണ് അഭിമുഖത്തില്‍ മികവ് കാട്ടിയത്. നിയമന നടപടികളില്‍ ക്രമക്കേട് സംഭവിച്ചിട്ടില്ലെന്നും വി സി ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വി സി നല്‍കിയ റിപ്പോര്‍ട്ട് ഗവര്‍ണറുടെ ഓഫീസ് പരിശോധിക്കുകയാണ്. പ്രിയ വര്‍ഗീസിന് നിയമനം നല്‍കാന്‍ തീരുമാനിച്ചെങ്കിലും ഉത്തരവ് ഇതുവരെ നല്‍കിയിട്ടില്ല. അഭിമുഖത്തില്‍ രണ്ടാംസ്ഥാനത്ത് വന്ന ഉദ്യോഗാര്‍ത്ഥിക്ക് ഉയര്‍ന്ന റിസര്‍ച്ച് സ്‌കോറാണ് ഉണ്ടായിരുന്നത്. എന്നിട്ടും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വിവാദമായി മാറിയിരുന്നു.

നിയമന വിഷയത്തില്‍ വൈസ് ചാന്‍സലറുടെ വിശദീകരണം ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ചാന്‍സലര്‍ ആയ തന്നെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. ഗുരുതര ചട്ടലംഘനമാണ് നടക്കുന്നത്. ചാന്‍സലറുടെ അധികാരം തനിക്ക് ഉള്ള കാലത്തോളം ഇത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം സിപിഎം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രം നിയമനം നല്‍കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ ആക്കാന്‍ നീക്കം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സര്‍വകലാശാലകളിലെ അധ്യാപക നിയമനം പിഎസ്സിക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു.