'ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്': അന്തര്‍സംസ്ഥാന ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധന തുടരുന്നു; നിരവധി ബസുകളില്‍ ക്രമക്കേട്

അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന തുടരുന്നു. ഇടപ്പള്ളിയില്‍ ഇന്ന് അഞ്ചു മണി മുതല്‍ തുടങ്ങിയ പരിശോധനയില്‍ 8 ബസുകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. തൃശൂരും പരിശോധന നടക്കുകയാണ്. ജില്ലയിലെ വിവിധ ചെക്‌പോസ്റ്റുകളില്‍ പരിശോധന തുടരുകയാണ്.

“ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സി”ന്റെ ഭാഗമായി പരിശോധനകള്‍ തുടരുകയാണ്. പെര്‍മിറ്റ് ചട്ടം ലംഘിച്ച ബസുകള്‍ക്ക് പിഴയും നോട്ടീസും നല്‍കുന്നത് കൂടാതെ ലൈസന്‍സില്ലാതെ നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെയും നടപടിയെടുത്തു.

ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. ഗതാഗത കമ്മീഷണര്‍, ഡിജിപി, കെഎസ്ആര്‍ടിസി എംഡി എന്നിവര്‍ പങ്കെടുക്കും. രാവിലെ പത്തുമണിക്കാണ് യോഗം. സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മോട്ടോര്‍ വാഹനവകുപ്പ് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയത്.