കലാ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കാൻ മുൻകൂർ അനുമതി വേണം; സർക്കാർ ഉത്തരവ് സാംസ്കാരിക താലിബാനിസമെന്ന് ഹരീഷ് വാസുദേവൻ

കലാ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിന് മുൻകൂർ അനുമതി വേണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ വിവാദ ഉത്തരവിനെതിെര അഡ്വ. ഹരീഷ് വാസുദേവൻ.

സാംസ്കാരിക താലിബാനിസമാണ് ഇത്. ആരെന്തു ചിന്തിക്കണം, എഴുതണം, പറയണമെന്ന് അധികാരി നിർദ്ദേശിക്കുന്ന പരിപാടി, തികഞ്ഞ അധികാര ദുർവിനിയോഗമാണെന്ന് ഹരിഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇത് ചെയ്തത് നരേന്ദ്രമോദി സർക്കാരെങ്ങാനും ആണെങ്കിൽ ഞങ്ങൾക്ക് സാംസ്കാരിക ഫാസിസത്തിനു എതിരെ ആഞ്ഞടിക്കാമായിരുന്നു എന്നു ഡി.വൈ.എഫ്.ഐയും എ.ഐ.എസ്.എഫും നേടുവീർപ്പ് ഇടുന്ന നാണംകെട്ട യുവതയെ നാം കാണേണ്ടി വരുമോ? എന്നും ഹരീഷ് ചോദിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്

സാംസ്കാരിക താലിബാനിസം.
സർക്കാരിന്റെ കാര്യങ്ങൾ തെറ്റുകൂടാതെ നടത്തിക്കൊണ്ടു പോകാൻ കുറെ തൊഴിലാളികളുണ്ട്. തൂപ്പുകാരൻ മുതൽ ചീഫ്‌ സെക്രട്ടറി വരെ അതിൽപ്പെടും. അവരുടെ സത്യസന്ധമായ സേവനം ഉറപ്പാക്കാൻ പലവിധ തൊഴിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാരിന് അധികാരമുണ്ട്. സർവീസ് ചട്ടങ്ങളിലൂടെയാണ് തൊഴിൽപരമായ പ്രവർത്തികൾ നിയന്ത്രിക്കുന്നത്. അവിടെ സ്റ്റേറ്റ് വെറും തൊഴിൽദാതാവ് മാത്രമാണ്, അല്ലാതെ ഭരണഘടനാ പരമാധികാരി അല്ല.
അതിനു പുറത്തും ജീവനക്കാർക്ക് ഒരു സ്വതന്ത്ര ജീവിതമുണ്ട്. പാട്ടുണ്ട്, കലയുണ്ട്, രാഷ്ട്രീയമുണ്ട്, അഭിപ്രായമുണ്ട്. ഭരണഘടന മറ്റേതൊരു പൗരനും നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം സർക്കാർ ജീവനക്കാർക്കും ഉണ്ട്. അവരുടെ തൊഴിലിന്റെ ലക്ഷ്യങ്ങൾക്കായി നിയന്ത്രണം അത്യന്താപേക്ഷിതമായ ഘട്ടങ്ങളിൽ മാത്രമേ അഭിപ്രായ സ്വാതന്ത്ര്യം സ്റേറ്റിന് തടയാനാകൂ. അതത് വകുപ്പുകളുടെ നയങ്ങളേ പൊതുമധ്യത്തിൽ വിമർശിക്കാൻ പാടില്ലെന്ന നിയന്ത്രണമുണ്ട്, യുക്തിസഹമാണത്.
ശമ്പളം കൊടുക്കുന്നത് നരേന്ദ്രമോദിയോ പിണറായി വിജയനോ അല്ല, ഇന്നാട്ടിലെ ഭരണസംവിധാനം ആണ്. അതുകൊണ്ട് തന്നെ ഇവരിൽ ആരെങ്കിലും ചെയ്ത തെറ്റ് തെറ്റാണ് എന്നെനിക്ക് അഭിപ്രായമുണ്ട് എന്നു പറയാനുള്ള സ്വാതന്ത്ര്യം സർക്കാർ ജീവനക്കാർക്കും ഉണ്ട്. മോദിയോ പിണറായിയോ മണ്ടനാണ് എന്നു പറയാനുള്ള സ്വാതന്ത്ര്യം പോലുമുണ്ട്. അതിനെയാണ് നാം ജനാധിപത്യം എന്നു വിളിക്കുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ (DPI) ഇറക്കിയ സർക്കുലർ ആണ് ചിത്രത്തിൽ. കലാ-സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ ഇനി സർക്കാരിനോട് രേഖാമൂലം അനുവാദം വാങ്ങിച്ചേ ചെയ്യാവൂ എന്നാണ് ഇണ്ടാസ്. സാഹിത്യ സൃഷ്ടികൾ അനുവാദം ലഭിച്ച ശേഷമേ പ്രസിദ്ധീകരിക്കാവൂ. വിദ്യഭ്യാസ ഉപഡയറക്ടർ സൃഷ്ടികൾ പരിശോധിച്ചു ശിപാർശ നൽകണം..
ഇത് ഏത് കോത്താഴത്തെ നിയമമാണ് എന്നല്ലേ ആദ്യം നിങ്ങളുടെ മനസ്സിൽ വന്നത്?
ഒന്നാമത്തേത്, കലാ- സാഹിത്യ- സാംസ്കാരിക പ്രവർത്തി എന്നത് നിയമത്തിൽ വ്യാഖ്യാനിച്ചിട്ടില്ല. ടീച്ചറോ മാഷോ രാവിലെ വീട്ടിലെ കുളിമുറിയിൽ പാട്ട് പാടിയാൽ കലാ പ്രവർത്തനമാകാം. ഒരു മനുഷ്യൻ നടത്തുന്ന ഏത് സാമൂഹിക പ്രവർത്തിയും സാംസ്കാരിക പ്രവർത്തനം ആകാം. ഇതിനൊക്കെ സർക്കാരിന്റെ അനുമതി വേണമെന്ന് പറയാൻ എന്ത് അധികാരമാണ് ഇവർക്കുള്ളത്?
അഞ്ചുലക്ഷത്തോളം വരുന്ന സർക്കാർ അധ്യാപകരുടെ അക്കാദമികമായി ഒരു ബന്ധവുമില്ലാത്ത ഓണപ്പാട്ടോ ഒപ്പനപ്പാട്ടോ മറ്റു സാഹിത്യ സൃഷ്ടികളോ ഒക്കെ ഇനി DDE മാർ പരിശോധിക്കും. അവരാണിനി സാഹിത്യ എഡിറ്റർമാർ. ഇതൊക്കെ നോക്കാൻ DDE മാർക്ക് എന്ത് യോഗ്യത?? അധികാരം?? ഇതാണോ അയാളുടെ ജോലി?
വിദ്യാഭ്യാസ വകുപ്പിന്റെ പണി അധ്യായനമാണ്. നല്ല പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനത്തിന് വിരുദ്ധമാകുന്ന ഏത് പ്രവർത്തിയും ജീവനക്കാർ ചെയ്താൽ അവർക്കെതിരെ നടപടി എടുക്കാൻ ഇപ്പോൾ അധികാരമുണ്ട്. അതിനു പുറത്തുള്ള ജീവനക്കാരുടെ ഒരു സ്വകാര്യ പ്രവർത്തികളും നിയന്ത്രിക്കാൻ സർക്കാരിന് തൊഴിൽദാതാവ് എന്ന നിലയിൽ ഒരധികാരവുമില്ല. (സൂക്ഷിച്ചു നോക്കിയാൽ, ഇത് ഗൈഡ്ലൈൻ മാത്രമാണെന്നും, അനുമതി വാങ്ങണമെന്ന നിയമം നേരത്തെ ഉണ്ടാക്കിയിട്ടുണ്ട് എന്നും കാണാം.)
സാംസ്കാരിക താലിബാനിസമാണ് ഇത്. ആരെന്തു ചിന്തിക്കണം, എഴുതണം, പറയണമെന്ന് അധികാരി നിർദ്ദേശിക്കുന്ന പരിപാടി. തികഞ്ഞ അധികാര ദുർവിനിയോഗമാണ്. കയ്യിൽ അധികാരമുള്ളപ്പോൾ അതെടുത്ത് എങ്ങനെയും പ്രയോഗിക്കാം എന്നു തോന്നുന്നത് അധികാരം തലയ്ക്ക് പിടിക്കുമ്പോഴാണ്. നല്ലത് തലയ്ക്ക് കിട്ടുമ്പോൾ അത് മാറും. കലാ സാഹിത്യ സാംസ്കാരിക പ്രവർത്തികളുടെ എഡിറ്റർ ആകാൻ സ്റ്റേറ്റ് തുനിയരുത്. ആ പോക്ക് ജനാധിപത്യ വിരുദ്ധമാണ്.
ഇത് ചെയ്തത് നരേന്ദ്രമോഡി സർക്കാരെങ്ങാനും ആണെങ്കിൽ ഞങ്ങൾക്ക് സാംസ്കാരിക ഫാസിസത്തിനു എതിരെ ആഞ്ഞടിക്കാമായിരുന്നു എന്നു DYFI യും AIYF ഉം നേടുവീർപ്പ് ഇടുന്ന നാണംകെട്ട യുവതയെ നാം കാണേണ്ടി വരുമോ? ഇത് ജീവനക്കാരുടെ മാത്രം പ്രശ്നമല്ല. AKG സെന്ററിൽ നിന്ന് അനുഗ്രഹം മേടിച്ചു വേണോ ഇതിനെതിരെ ശബ്ദിക്കാൻ??
ഈ സർക്കുലർ നാം തെരുവിൽ കത്തിക്കണം. അധികം നാണം കെടാതെ സർക്കാരത് പിൻവലിക്കണം.

Read more