കെ.സി വേണുഗോപാലിന് എതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ പടയൊരുക്കം

എ.ഐ.സി.സി സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കേരളാ നേതാക്കളുടെ പടയൊരുക്കം. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരന്‍, കെ. മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കെ.സി വേണുഗോപാലിനെതിരെ നീക്കം ശക്തമാക്കിയിരിക്കുന്നത്. സതീശനെ മുന്നില്‍ നിര്‍ത്തി പുതിയ ഗ്രൂപ്പുണ്ടാക്കി കേരളത്തിലെ നേതാക്കളെ അപ്രസക്തരാക്കാന്‍ കെ.സി വേണുഗോപാല്‍ ശ്രമിക്കുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

പുനഃസംഘടന ലിസ്റ്റ് ഏതാണ്ട് പൂര്‍ണമായി തയ്യാറായിരുന്ന സമയത്താണ് എം.പിമാരക്കൊണ്ട് പരാതി കൊടുപ്പിച്ച് ആ പുനഃസംഘടന നീക്കം തടഞ്ഞത്. പുതുതായി കെ.സി വേണുഗോപാല്‍ ഗ്രൂപ്പില്‍ ചേര്‍ന്ന എം.കെ രാഘവന്‍,  ടി.എന്‍ പ്രതാപന്‍, ബെന്നി ബഹ്നാന്‍ എന്നീ എം പിമാര കൊണ്ടാണ് കെ.സി വേണുഗോപാല്‍ കത്തെഴുതിച്ചത്. കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരനെ മനഃപൂര്‍വ്വം അപമാനിക്കാനാണ് കെ.സി വേണുഗോപാല്‍ ഇത് ചെയ്തതെന്ന് സുധാകരന്‍ പറയുന്നു. അതോടെയാണ് കെ.പി.സി.സി സ്ഥാനത്ത് തുടരാന്‍ തനിക്ക് താത്പര്യമില്ലന്ന് സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്.

അതേ സമയം സംസ്ഥാന കോണ്‍ഗ്രസില്‍ മേല്‍ക്കൈ നേടാനുളള കെ.സി വേണുഗോപാലിന്റെ ശ്രമത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാടാന്‍ നാല് സീനിയര്‍ നേതാക്കള്‍ തിരുമാനിച്ചത് കോണ്‍ഗ്രസ് രാഷ്ട്രീയത്തെ മറ്റൊരു വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്. ആദ്യം കെ. സുധാകരനും സതീശനും കെ.സി വേണുഗോപാലിന് ഒപ്പമായിരുന്നെങ്കിലും പിന്നീട് കെ. സുധാകരനെ പതിയെ ഒഴിവാക്കാന്‍ ഇവര്‍ ശ്രമിച്ചു. ഇതോടെ സുധാകരനും ഇവരുടെ ശത്രുപക്ഷത്തായി.

അതോടൊപ്പം സംഘടനാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഉമ്മന്‍ചാണ്ടിയും രമേശും നേതൃത്വം നല്‍കുന്ന പാനലേ വിജയിക്കുകയുളളു എന്നറിയാവുന്ന സുധാകരന്‍ പതിയെ ഇവരുടെ പക്ഷത്തേക്ക് ചായുകയായിരുന്നു. സതീശനും വേണുഗോപാലിനും ആദ്യം കെ. മുരളീധരന്റെ പിന്തുണ ലഭിച്ചിരുന്നങ്കിലും പിന്നീട് മുരളിയെയും ഇവര്‍ അവഗണിച്ചു. ഇതോടെ കെ മുരളീധരനും ശത്രുപക്ഷത്തായി.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണമെന്ന് കെ.സി വേണുഗോപാലിന് ആഗ്രഹമുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തില്‍ രണ്ട് പ്രബല ഗ്രൂപ്പുകളെ നയിക്കുമ്പോള്‍ തനിക്ക് ഇടമുണ്ടാകില്ലന്ന തിരിച്ചറിവാണ് എ, ഐ ഗ്രൂപ്പുകളെ ഇല്ലാതാക്കാനുള്ള കെ.സി യുടെ ശ്രമത്തിന് പിന്നില്‍. വേണുഗോപാലിന് പിന്നില്‍ കാര്യമായ അണികളില്ല. അത് കൊണ്ട് തന്നെ ഈ രണ്ട് ഗ്രൂപ്പില്‍ നിന്നും ആളുകളെ ചോര്‍ത്തിയെടുത്തേ പുതിയ കെ.സി വേണുഗോപാലിന് സ്വന്തം സംവിധാനമുണ്ടാക്കാന്‍ കഴിയൂ. ഈ നീക്കത്തെ ഉമ്മന്‍ചാണ്ടിയും രമേശും കൂടി തടഞ്ഞിരിക്കുകയാണ്.

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന അവസ്ഥയുണ്ടായാല്‍ ദേശീയ തലത്തില്‍ കെ.സി വേണുഗോപാലിന്റെ കസേര കൂടുതല്‍ ഇളകും. ഇപ്പോള്‍ തന്നെ ഗൂലാം നബി ആസാദ് മുതല്‍ കബില്‍ സിബല്‍ വരയെുള്ളവര്‍ കെ.സി വേണുഗോപാലിന്റെ അപ്രമാദിത്വത്തിന് എതിരാണ്.

Read more

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന ദുരവസ്ഥയുടെ പ്രധാന കാരണക്കാരില്‍ ഒരുവനായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ഉപദേശകനായ കെ.സി വേണുഗോപാലിനെയാണ്. കെ.സി വേണുഗോപാലിനെ സംഘടന ചുമതലയില്‍ നിന്ന് മാറ്റിയാല്‍ മാത്രമേ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് രക്ഷപ്പെടൂ എന്നാണ് ഈ നേതാക്കള്‍ വാദിക്കുന്നത്. ഇത്രയൊക്കെ ഉണ്ടായിട്ടും രാഹുല്‍ ഗാന്ധിയുടെ പിന്തുണ നിര്‍ലോഭം ലഭിക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് സംഘടനാ സെക്രട്ടറി ചുമതലയില്‍ ഇപ്പോഴും കെ.സി വേണുഗോപാല്‍ തുടരുന്നത്.